ഏപ്രില്‍ പതിമൂന്നിനായിരുന്നു വിജയ് ചിത്രം ബീസ്റ്റ് റിലീസ് ചെയ്തത്. നെല്‍സണ്‍ ദിലീപ് കുമാറായിരുന്നു ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഒടിടി റിലീസിന് ശേഷം ചിത്രത്തിനെതിരെ വ്യാപക ട്രോളുകള്‍ പ്രചരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രം കണ്ട ശേഷം പ്രതികരിച്ചിരിക്കുകയാണ് നടന് വിജയിയുടെ അമ്മ ശോഭ ചന്ദ്രശേഖര്‍. വിജയിയുടെ അമ്മയുടെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറായിട്ടുണ്ട്.
ബീസ്റ്റ് കണ്ട ശേഷം താന്‍ പറഞ്ഞത് ചിത്രം ഒരു മാസ്സ് ആക്ഷന്‍ എന്റര്ടെയ്നര് ആണെന്നാണ്. താന്‍ സിനിമയുടെ നെഗറ്റീവുകള്‍ പറഞ്ഞ് മകനെ വിഷമിപ്പിക്കാറില്ല. സിനിമയില്‍ നല്ലതായി എന്തെങ്കിലുമുണ്ടെങ്കില്‍ അതാണ് വിജയിയോട് പറയാറുള്ളതെന്നും ശോഭ പറഞ്ഞു. വിജയ് അഭിനയിച്ച എല്ലാ ചിത്രങ്ങളും താന്‍ ആദ്യ ദിവസം ആദ്യ ഷോ തന്നെ കാണാറുണ്ട്. ഓരോ ചിത്രം കണ്ട ശേഷം തന്റെ അഭിപ്രായം വിജയിയെ അറിയിക്കാറുണ്ട്. വിജയിയുടെ ഏറ്റവും ഇഷ്ടമുള്ള ചിത്രം തുപ്പാക്കിയാണെന്നും ശോഭ കൂട്ടിച്ചേര്‍ത്തു.
ഡോക്ടര്‍ എന്ന ചിത്രത്തിന് ശേഷം നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ബീസ്റ്റ്. റിലീസിന് മുന്‍പ് പുറത്തിറങ്ങിയ ചിത്രത്തിലെ ‘അറബികുത്ത്’ പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വന്‍ വൈറലായിരുന്നു. എന്നാല്‍ ചിത്രം പുറത്തിറങ്ങിയപ്പോള്‍ പ്രതീക്ഷിച്ചപോലെയായിരുന്നില്ല. തൊട്ടടുത്ത ദിവസം കെജിഎഫ് 2 റിലീസ് ചെയ്തതും ബീസ്റ്റിന് തിരിച്ചടിയായി. ചിത്രം നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്ത ശേഷം വ്യാപക ട്രോളുകള്‍ പ്രചരിച്ചിരുന്നു. ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ അവതരിപ്പിച്ച കഥാപാത്രത്തെ ഒറ്റകൈയില്‍ തൂക്കി വിജയ് നടന്നു പോകുന്ന ഒരു സീനിനെതിരെയാണ് വ്യാപക ട്രോളുകള്‍ പ്രചരിച്ചത്. ഇത് സംബന്ധിച്ച ഷൈനിന്റെ പ്രതികരണവും വൈറലായിരുന്നു.