ഹൈദരാബാദ്: തെലുങ്ക് സിനിമാതാരം വിജയ് ദേവരകൊണ്ടയെ ഇ.ഡി ചോദ്യം ചെയ്യുന്നു. ഹൈദരാബാദ് ഇ.ഡി ഓഫീസിലാണ് നിലവില്‍ വിജയ്. തെലുങ്ക് ചിത്രം ലൈഗറുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി പരിശോധിക്കുന്നത്.
നടന് ലഭിച്ച പ്രതിഫലം, മറ്റു അണിയറപ്രവര്‍ത്തകര്‍ കൈപ്പറ്റിയ പണം എന്നിവയാണ് ഇ.ഡി പരിശോധിക്കുന്നത്. നേരത്തെ ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ നടി ചാര്‍മി കൗര്‍, സംവിധായകന് പുരി ജഗന്നാഥ് എന്നിവരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇരുവരെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്.കോണ്‍ഗ്രസ് നേതാവ് ബക്കാ ജൂഡ്സണ് കഴിഞ്ഞ ഓഗസ്റ്റില്‍ നല്കിയ പരാതിയിലാണ് നടപടി.ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ സിനിമാക്കാരെ കൂടാതെ രാഷ്ട്രീയക്കാരും പണം ഇറക്കിയിട്ടുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്.
ഈ സിനിമയുടെ നിര്‍മ്മാണത്തിനായി ഇറക്കിയ പണം കള്ളപ്പണം വെളുപ്പിക്കലിന്റെ ഭാഗമായിട്ടാണെന്നും പരാതിക്കാരന് ആരോപിച്ചിരുന്നു.തെലുങ്ക് താരം വിജയ് ദേവരക്കൊണ്ട നായകനായ ലൈഗര്‍ എന്ന സിനിമയിലൂടെ ഫെമ നിയമം ലംഘിച്ച് സാമ്പത്തിക ക്രമക്കേട് നടന്നുവെന്നാണ് ആക്ഷേപം.
ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയാണ് നടി ചാര്‍മി കൗര്‍. ചിത്രത്തിനായി ചാര്‍മി കൗറും സംവിധായകന് പുരി ജഗന്നാഥും കൂടി 120 കോടി മുതല്‍ മുടക്കിയെന്നാണ് വിവരം.
പാന്‍-ഇന്ത്യന്‍ സിനിമയുടെ നിര്‍മ്മാണത്തിന് ഫെമ നിയമം ലംഘിച്ച് വിദേശ രാജ്യങ്ങളില്‍ നിന്ന് കോടിക്കണക്കിന് രൂപ ലഭിച്ചതായി വിവരം ലഭിച്ചെന്ന് ഇഡി സൂചിപ്പിച്ചു.
രണ്ട് നിര്‍മ്മാതാക്കളുടെ അക്കൗണ്ടിലേക്ക് നിരവധി കമ്പനികള്‍ പണം കൈമാറിയതായിട്ടാണ് ഇഡി സംശയിക്കുന്നത്. ആരാണ് പണം അയച്ചതെന്നും എന്ത് ആവശ്യത്തിനാണ് പണം അയച്ചതെന്നും ഉദ്യോഗസ്ഥര്‍ ഇവരില്‍ നിന്ന് വിശദീകരണം തേടി.