യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന് വിജയ് ബാബുവിനെ അറസ്റ്റ് ചെയ്തു. എറണാകുളം സൗത്ത് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റ് ചെയ്യുകയാണെങ്കില്‍ സ്റ്റേഷന് ജാമ്യം നല്‍കണം എന്നാണ് കോടതി നിര്‍ദേശിച്ചത്.
വിജയ് ബാബുവിനെ ഇന്ന് ഉച്ചയ്ക്ക് ശേഷം തെളിവെടുപ്പിന് കൊണ്ടുപോകും. ക്രൗണ്‍ പ്ലാസ, മരടിലെ ഫ്ളാറ്റ്, പനമ്പിള്ളി നഗറിലെ ഫ്ളാറ്റ് എന്നിവിടങ്ങളില്‍ എത്തിച്ചാകും തെളിവെടുപ്പ് നടത്തുക. ജൂണ്‍ 27 മുതല്‍ ജൂലൈ 5 വരെ ചോദ്യംചെയ്യലിന് ഹാജരാവണമെന്ന് കോടതി വിജയ് ബാബുവിന് നിര്‍ദേശം നല്‍കിയിരുന്നു.
ഏപ്രില്‍ 22നാണ് വിജയ് ബാബുവിനെതിരെ യുവനടി പീഡന പരാതി നല്‍കിയത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് പരാതി. ബലാത്സംഗം, ഗുരുതരമായി പരുക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്. ഇതിന് പിന്നാലെ നടിയുടെ പേര് വെളിപ്പെടുത്തി വിജയ് ബാബു ഫേസ്ബുക്കിലെത്തി. ഇത് വലിയ വിവാദങ്ങള്‍ക്കിടയാക്കി. ഇതിന് തൊട്ടുപിന്നാലെ വിജയ് ബാബു ദുബായിലേക്ക് കടന്നു. പേര് വെളിപ്പെടുത്തിയതുമായി ബന്ധപ്പെട്ടും നടി പൊലീസില്‍ പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തിലും പൊലീസ് കേസെടുത്തു.
ദുബായില്‍ ആയിരുന്ന നടന് ഒരു മാസത്തിന് ശേഷം അടുത്തിടെയാണ് നാട്ടിലെത്തിയത്. തുടര്‍ന്ന് വിജയ് ബാബുവിനെ പൊലീസ് ചോദ്യം ചെയ്തു. ഇതിനിടെ വിജയ് ബാബു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനുള്ള അപേക്ഷ നല്കി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും നിര്‍ണായകമായ ഒരു നിരീക്ഷണം നടത്തുകയും ചെയ്തു. ഉഭയസമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരെ ജാഗ്രത വേണമെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. കേസില്‍ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ജാമ്യം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.