ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് സ്വദേശിനിയായ ട്രാന്‍സ്ജെന്‍ഡര്‍. ട്രാന്‍സ് വനിതയായി ജീവിക്കാനാവാത്തതിനാല്‍ ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒറ്റപ്പാലം സ്വദേശി അനീറ കബീര്‍ ആണ് രംഗത്തെത്തിയത്. രണ്ടു ബിരുദാനന്തര ബിരുദവും എംഎഡും സെറ്റുമായി പതിനാല് സ്കൂളുകളില്‍ താത്കാലിക അധ്യാപക നിയമനത്തിനായി ഇന്റര്‍വ്യൂവില്‍ പങ്കെടുത്തിട്ടും ട്രാന്‍സ് വുമണായതിന്റെ പേരില്‍ തഴഞ്ഞെന്നാണ് അനീറ ആരോപിക്കുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ മന്ത്രി വി. ശിവന്‍കുട്ടി അനീറയുമായി ഫോണില്‍ സംസാരിച്ച് പിന്തുണ നല്കി.
ചെര്‍പ്പുളശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സോഷ്യോളജി ജൂനിയര്‍ തസ്തികയില്‍ താത്ക്കാലിക അധ്യാപികയായിരുന്ന അനീറയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. സഹോദരന് അപകടത്തില്‍ മരിച്ചതോടെ കുടുംബത്തെ സംരക്ഷിക്കേണ്ട ചുമതല കൂടി അനീറയിലേക്ക് വന്നുചേര്‍ന്നു. ഇതോടെയാണ് ജീവിക്കാന്‍ മറ്റു മാര്‍ഗമില്ലാത്തതിനാല്‍ ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങിയത്. ട്രാന്‍സ്വനിതയായി ജീവിക്കാനാവില്ലെന്നു കാട്ടി ദയാവധത്തിന് അപേക്ഷ നല്കാന് അഭിഭാഷകനെ തേടി ലീഗല്‍ സര്‍വീസസ് അതോറിറ്റിയിലെത്തിയതോടെയാണ് അനീറയുടെ ദുരിത കഥ പുറം ലോകമറിഞ്ഞത്.
അനീറയുടെ ദുരിതം അറിഞ്ഞ വിദ്യാഭ്യാ മന്ത്രി വി. ശിവന്‍കുട്ടി വിഷയവുമായി ബന്ധപ്പെട്ട് പാലക്കാട് വിദ്യാഭ്യാസ ഉപ ഡയറക്ടറുമായി ഫോണില്‍ സംസാരിച്ചു. അനീറയ്ക്ക് നഷ്ടമായ ജോലി തിരികെ നല്കാന് ആവശ്യമായ നടപടികള്‍ എടുക്കാന്‍ പാലക്കാട് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.