ഏറ്റുമാനൂര്‍: ബൈക്കുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ നടന് ടോവിനോ തോമസിന്റെ ഷെഫ് ആയിരുന്ന യുവാവ് മരിച്ചു. കല്ലറ തെക്കേ ഈട്ടിത്തറ വിഷ്ണു ശിവാനന്ദന് (31)ആണ് മരിച്ചത്.
അപകടത്തില്‍പെട്ട മറ്റൊരു ബൈക്കില്‍ സഞ്ചരിച്ചിരുന്ന പേരൂര്‍ സ്വദേശികളായ മാത്യൂസ് റോജി, ജസ്റ്റിന് മാത്യു എന്നിവരെ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെ പട്ടിത്താനം മണര്‍കാട് ബൈപാസില്‍ ചെറുവാണ്ടൂര്‍ കെഎന്‍ബി ഓഡിറ്റോറിയത്തിനു സമീപമായിരുന്നു അപകടം.
നടന് ടൊവിനോയുടെ പാചകക്കാരനായ വിഷ്ണു പേരൂരിലെ ബന്ധുവീട്ടിലെത്തിയ ശേഷം തിരികെ മടങ്ങുന്നതിനിടയിലായിരുന്നു അപകടം.
അപകടത്തില്‍പെട്ടവരെ പൊലീസും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.വിഷ്ണുവിനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
View this post on Instagram
വിഷ്ണുവിന്റെ മരണത്തില്‍ ദുഖം അറിയിച്ച് ടോവിനോ എത്തി. റസ്റ്റ് ഇന്‍ പീസ് വിഷ്ണു. നിന്നെ ഞങ്ങള്‍ ഒരുപാട് മിസ് ചെയ്യും. നീയില്ലാത്ത ടീം ഒരിക്കലും പഴയത് പോലെയായിരിക്കില്ല എന്നും ടോവിനോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
പാരലല്‍ കോളജ് അധ്യാപകനായിരുന്ന പരേതനായ ശിവാനന്ദന്രാജി ദമ്പതികളുടെ മകനാണ് വിഷ്ണു. ഭാര്യ: ആതിര. സഹോദരങ്ങള്‍: ശ്രീജ, ജ്യോതി. സംസ്കാരം ഇന്ന് 4നു വെച്ചൂരിലെ വീട്ടുവളപ്പില്‍.