ആലുവയില്‍ മൂന്ന് വയസുകാരന് ക്രൂരമര്‍ദ്ദനമേറ്റ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരമാണ് കുഞ്ഞിന്റെ മാതാപിതാക്കള്‍ക്കെതിരെ വധ ശ്രമത്തിന് കേസെടുത്തത്. അതിനിടെ കുഞ്ഞിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. തലച്ചോറില്‍ രക്തസ്രാവം നില്‍ക്കുന്നില്ലെന്നും, മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. തലച്ചോറിനും തലയോട്ടിയിലുമാണ് പരുക്ക്. അതീവ ഗുരുതര അവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചകുട്ടി ടെറസിന് മുകളില്‍ നിന്ന് വീണ് പരിക്കേറ്റതെന്നാണ് പിതാവ് പൊലീസിനെയും ആശുപത്രി വൃത്തങ്ങളെയും അറിയിച്ചത്. എന്നാല്‍ പരിക്ക് ഗുരുതരമാണന്ന് അറിയിച്ചിട്ടും ഉടന്‍ തന്നെ മറ്റൊരാശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിക്കണമെന്ന് മാതാപിതാക്കള്‍ വാശി പിടിച്ചതാണ് സംശയത്തിനിടയാക്കിയത്.
ആലുവയില്‍ വാടകയ്ക്ക് താമസിക്കുന്ന ഇതര സംസ്ഥാന ദമ്പതികളുടെ മകനാണ്. തലയോട്ടിയില്‍ പൊട്ടലും ശരീരമാസകലം പൊള്ളലേറ്റ പാടുകളുള്ള കുട്ടി അതീവ ഗുരുതരാവസ്ഥയിലാണ്. കാലുകള്‍ക്കും പരുക്കുണ്ട്. സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍ പഴക്കം ചെന്നതാകാമെന്നാണ് ഡോക്ടര്‍മാരുടെ സംശയം. കുട്ടിയുടെ പരുക്ക് ഗുരുതരമാണെന്ന് ബോധ്യപ്പെട്ടതോടെ ഉടന്‍ തന്നെ കുട്ടിയെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതിനിടെ കുഞ്ഞിന്റെ ചികിത്സാ ചിലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നു ആരോഗ്യമന്ത്രി വ്യക്തമാക്കി.