പ്രണയത്തിന്റെ പേരിലുള്ള കൊലപാതകം കൂടിവരുന്നതായാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ ഈ വര്‍ഷം തന്നെ പ്രണയം നിരസിച്ചതിന്റെ പേരില്‍ നിരവധി പെണ്‍കുട്ടികളെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ഇപ്പോഴിതാ മാനസക്കും നിതിനക്കും പിന്നാലെ മറ്റൊരു പെണ്‍കുട്ടി കൂടി പ്രണയ പകക്ക് ഇര ആയിരിക്കുകയാണ്.
കോഴിക്കോട് തിക്കോടിയില്‍ 22 വയസ്സുള്ള കൃഷ്ണപ്രിയ എന്ന പെണ്‍കുട്ടിയെയാണ് സുഹൃത്ത് കത്തികൊണ്ട് കുത്തിയ ശേഷം പെട്രോളൊഴിച്ച് കൊലപ്പെടുത്തിയത്. മുപ്പതുകാരനായ നന്ദുവാണ് സംഭവത്തിലെ പ്രതി. ഇയാള്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.
നന്ദുവും കൃഷ്ണപ്രിയയും അടുപ്പത്തിലായിരുന്നു. എന്നാല്‍ അതിന്റെ പേരില്‍ ഇയാള്‍ കൃഷ്ണപ്രിയയുടെ പല കാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങി. മുടി അങ്ങനെ കെട്ടാന്‍ പാടില്ല , ഭംഗിയായി ഒരുങ്ങി നടക്കരുത് , താന്‍ പറയുന്ന ആളെ മാത്രമേ ഫോണ്‍ ചെയ്യാവൂ തുടങ്ങിയ ഓരോ നിബന്ധനകളും കൃഷ്ണപ്രിയക്ക് മുന്നില്‍ നന്ദു വെച്ചു. എന്നാല്‍ ഇതൊന്നും ഉള്‍ക്കൊള്ളാന്‍ കഴിയാതെ വന്നതോടെ ഇതിനെ എതിര്‍ത്തു പെണ്‍കുട്ടി സംസാരിച്ചു. അവസാനം ഇയാള്‍ പെണ്‍കുട്ടിയെ തെറിവിളിക്കാനും മാനസികമായി ഉപദ്രവിക്കാന്‍ തുടങ്ങി.
രണ്ടുദിവസം മുമ്പ് നന്ദു കൃഷ്ണപ്രിയയുടെ വീട്ടിലെത്തി പെണ്‍കുട്ടിയെ വിവാഹം കഴിച്ചു തരണമെന്ന് മാതാപിതാക്കളോട് പറഞ്ഞു. എന്നാല്‍ മകള്‍ക്ക് കല്യാണപ്രായം ആയിട്ടില്ല എന്ന് കൃഷ്ണപ്രിയയുടെ വീട്ടുകാര്‍ പറഞ്ഞപ്പോള്‍ , വിവാഹം കഴിപ്പിച്ചു തന്നില്ലെങ്കില്‍ മക്കളെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി.
താല്‍ക്കാലികമായി പഞ്ചായത്തില്‍ ഡാറ്റ എന്‍ട്രി ജോലിക്ക് പോകുന്നുണ്ട് കൃഷ്ണപ്രിയ. എന്നാല്‍ നന്ദുവിനെ പേടിച്ച് ഒരു ദിവസം പെണ്‍കുട്ടി ജോലിക്ക് പോയില്ല. പിന്നീട് പഞ്ചായത്തിലേക്ക് പോയ ദിവസമാണ് ഗേറ്റിനു മുന്നില്‍ കാത്തുനിന്ന നന്ദു പെണ്‍കുട്ടിയെ കത്തി കൊണ്ട് കുത്തിയ ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തിയത്. പിന്നാലെ നന്ദുവും തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. പെണ്‍കുട്ടി അന്ന് രാത്രി തന്നെ മരിച്ചു. പിന്നാലെ യുവാവും മരിച്ചു.