2022 മെയിലെ തങ്ങളുടെ പ്രതിമാസ വില്പന എത്രയാണെന്ന് പുറത്തുവിട്ട് ടാറ്റാ. മൊത്തം 43431 യൂണിറ്റ് കാറുകൾ വിറ്റഴിച്ച ഇവർ എക്കാലത്തെയും തങ്ങളുടെ ഉയർന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. 2021 മെയ് മാസത്തിലെ കണക്കുകളെ അപേക്ഷിച്ച് നോക്കുമ്പോൾ ഏറേക്കുറെ 185 ശതമാനം വർധനവാണ് ടാറ്റ മോട്ടോർസിന് ഒരു വർഷത്തിനിപ്പുറം ഉണ്ടായിരിക്കുന്നത്. അതേസമയം പ്രതിമാസ വിൽപ്പന കണക്കുകളിലേക്ക് നോക്കിയാൽ 2022 ഏപ്രിലിലെ കണക്കുകൾ പരിശോധിക്കുമ്പോൾ 4.22 ശതമാനം വർധവാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്.
ടാറ്റ മോട്ടോർസ് എക്കാലത്തെയും ഉയർന്ന വിൽപ്പന രേഖപ്പെടുത്തിയ മാസമാണിത്. 626 ശതമാനം വർധിച്ച് ഇലക്ട്രിക് വാഹന വിൽപ്പന 3,454 യൂണിറ്റുകളായി ഉയർന്നു. ടാറ്റ നെക്സോൺ വിൽപ്പനയും പുതിയ ഉയരത്തിലെത്തിയതോടെ നേട്ടങ്ങൾക്ക് മാറ്റുകൂടി. അതോടൊപ്പം ഹാരിയറിന്റെയും സഫാരിയുടെയും ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയും കമ്പനിക്ക് 2022 മെയ് മാസത്തിൽ രേഖപ്പെടുത്താൻ കഴിഞ്ഞു. നെക്സോൺ, പഞ്ച് എസ്യുവികൾക്കുള്ള മികച്ച സ്വീകാര്യത ഈ അടുത്ത കാലത്തായി ബ്രാൻഡിന്റെ സ്ഥിരമായ വളർച്ചയിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നതായി നിസ്സംശയം പറയാം.
അടുത്തിടെ സാധാരണ നെക്സോൺ ഇവിയെ അപേക്ഷിച്ച് വലിയ ബാറ്ററി പായ്ക്കും ഉയർന്ന റേഞ്ചുമായി നെക്സോൺ ഇവി മാക്സിനെ ടാറ്റ അവതരിപ്പിച്ചു. ജെൻ 3 സ്കേറ്റ്ബോർഡിനെ അടിസ്ഥാനമാക്കിയുള്ള അവിന്യ കൺസെപ്റ്റും ജെൻ 2 ഇവി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള കർവ് കൺസെപ്റ്റും കമ്പനി പ്രദർശിപ്പിച്ചു. ഇത് ആദ്യം ഒരു ഇടത്തരം ഇലക്ട്രിക് എസ്യുവി കൂപ്പെയ്ക്കും ക്രെറ്റയ്ക്ക് എതിരാളിയായ ഇടത്തരം പെട്രോൾ, ഡീസൽ എസ്യുവികൾക്കും കാരണമാകും. ടാറ്റ മോട്ടോർസ് തങ്ങളുടെ വാണിജ്യ വാഹന വിഭാഗത്തിന്റെ വൈദ്യുതീകരണത്തിനും പദ്ധതിയിടുന്നുണ്ട്. അടുത്തിടെ വിപണിയിൽ എത്തിയ ടാറ്റ പഞ്ച് 10,000 യൂണിറ്റ് വിൽപ്പനയ്ക്ക് അടുത്ത് നേടുന്നതിനാൽ വിൽപ്പനയിൽ വലിയ വഴിത്തിരിവാണ് ബ്രാൻഡിന് നേടിയെടുക്കാൻ സാധിച്ചത്. ഒരു കോംപാക്ട് ഹാച്ച്ബാക്ക് മോഡൽ സ്വന്തമാക്കുന്ന വിലയ്ക്ക് മൈക്രോ എസ്യുവി ലഭിക്കുമെന്നതിനാൽ പലരുടേയും ഇഷ്ട വാഹനമായി പഞ്ചിന് മാറാൻ കഴിഞ്ഞിട്ടുണ്ട്.