റോഡ് നിയമങ്ങളെപ്പറ്റി കാര്യമായ വിവരം ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെയായിരിക്കും മിക്കവരുടെയും മറുപടി. മറുപടിയല്ല അവരുടെ പ്രവർത്തിയും അതുതന്നെയാണ് തെളിയിക്കുക. അറിവില്ലായ്മ മാത്രമല്ല ചില തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതും പല ആളുകളുടെയും ഒരു ശീലം തന്നെയാണ്. ഹസാഡ് ലൈറ്റിലട്ടാൽ നാലുംകൂടിയ ജംഗ്ഷനിൽ നേരെ പോകാം, രാത്രിയിൽ വൺവേയും സിഗ്നലുകളുമൊന്ന് ശ്രദ്ധിക്കേണ്ട തുടങ്ങിയവ അതിൽ ചിലതാണ്. അത്തരത്തിൽ തെറ്റായി പ്രചാരത്തിലുള്ള ചില റോഡ് നിയമങ്ങൾ മനസ്സിലാക്കി ശരിയായി വാഹനം ഓടിക്കാം. കാരണം റോഡ് എല്ലാവർക്കും വേണ്ടിയുള്ളതാണല്ലോ.
ആദ്യം തന്നെ പറയാം ട്രാഫിക് സിഗ്നലുകൾ രാത്രി 10നു ശേഷം ഫോളോ ചെയ്യേണ്ടതില്ല എന്നാണ് ചില വണ്ടിപ്രാന്തന്മാരുടെ അഭിപ്രായം. എന്നാൽ അങ്ങനെ ഒരു നിയമം എവിടെയും ഇല്ല. അത് ആദ്യം മനസ്സിലാക്കുക. ഏതു പാതിരാത്രി ആയാലും എമർജൻസി അല്ലാത്ത കേസിൽ സിഗ്നലുകൾ അനുസരിച്ചു മാത്രം പോകാം. അതാവും നിങ്ങൾക്കും ബാക്കിയുള്ളവർക്കും നല്ലത്. മഞ്ഞ ലൈറ്റ് ഇടവിട്ട് തെളിയുകയാണെങ്കില്‍ വാഹനം വേഗം കുറച്ച് പോവുകയും ചുവന്ന ലൈറ്റാണെങ്കില്‍ നിര്‍ത്തിയ ശേഷം പോവുകയുമാണ് വേണ്ടത്. ഇനി യാത്ര ചെയ്യുമ്പോൾ ഈ കാര്യം മനസ്സിൽ വച്ചുകൊണ്ടു മാത്രം പോവുക.
പിന്നീട് കുറെപേർ പറഞ്ഞു കേട്ട ഒരു തെറ്റായ കാര്യമാണ് വൺവേയിൽ റിവേഴ്സ് പോകാം എന്നത്. അങ്ങനെയൊരു കാര്യം തീർത്തും തെറ്റാണെന്ന് മാത്രമല്ല അപകടസാധ്യതയും ഏറെ ഉള്ളതാണ്. ഇനി പാർക്കിങ്ങിന് കാര്യത്തിലേക്ക് വരാം. നോ പാർക്കിംഗ് ബോർഡ് ഇല്ലാത്ത എവിടെയും പാർക്ക് ചെയ്യാം എന്ന വിചാരം ആൾക്കാരിൽ കൂടുതലാണ്. പക്ഷേ അങ്ങനെ ചെയ്യരുത്. സ്കൂളുകൾ ആശുപത്രികൾ മെയിൻ റോഡുകൾ സീബ്രാ ക്രോസിംഗ് തുടങ്ങിയവയുടെ അരികിൽ പാർക്ക് ചെയ്യുന്നത് തീർത്തും അനുവദനീയമല്ല.
എതിരെ വാഹനങ്ങള്‍ വരുമ്പോഴും ഹെഡ് ലൈറ്റ് ബ്രൈറ്റില്‍ ഇട്ടുകൊണ്ടു മാത്രം ഓടിക്കുന്ന വാഹനങ്ങള്‍ ഡ്രൈവ് ചെയ്യുന്ന ആളുകളെ നിങ്ങൾ കണ്ടിരിക്കും. കടുത്ത നിയമലംഘനമാണത്. എതിര്‍വശത്ത് വാഹനങ്ങളില്ലാത്ത വലിയ റോഡുകളിലും മറ്റും ഹെഡ്ലൈറ്റ് ബ്രൈറ്റില്‍ ഇടുന്നതില്‍ തെറ്റില്ല. എന്നാല്‍ വാഹനങ്ങള്‍ വരുമ്പോഴും മുന്നില്‍ വാഹനമുള്ളപ്പോഴുമെല്ലാം ഹെഡ്ലൈറ്റിന്റെ തെളിച്ചം കുറച്ചേ മതിയാവൂ. ഇനിയുള്ളത് വാഹനം ഓടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് വ്യക്തമായി ഇന്ത്യന്‍ ഗതാഗത നിയമത്തെക്കുറിച്ചാണ്. അത് ഫോണ്‍ കയ്യില്‍ പിടിച്ചിട്ടാണെങ്കിലും എവിടെയെങ്കിലും വച്ച് സ്പീക്കറിലിട്ടാണെങ്കിലും ബ്ലൂടൂത്ത് ഉപകരണങ്ങളുടെ സഹായത്തിലാണെങ്കിലും കുറ്റം തന്നെയാണ്. എന്നാൽ ചിലരുണ്ട് ഇതെല്ലാം തന്നെ അറിയാമായിരുന്നിട്ടു പോലും യാതൊരു ശ്രദ്ധയും കൂടാതെ നിരത്തുകളിൽ വാഹനം എടുത്ത് ഇറങ്ങുന്നവർ. അവരോട് ഒന്നേ പറയാനുള്ളൂ ഉള്ളൂ, നിങ്ങൾക്ക് നിങ്ങളുടെ ജീവനിൽ യാതൊരു കൊതിയും ഇല്ലായിരിക്കാം. പക്ഷേ റോഡിൽ ഇറങ്ങുന്ന ബാക്കിയുള്ളവർക്ക് അവരവരുടെ ജീവിനെക്കുറിച്ച് നല്ല ആധി ഉണ്ടാവും. ബാക്കിയുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ വാഹനമോടിക്കുന്ന ഒരാൾ ആയി മാറാതിരിക്കുക എന്നുമാത്രം.