സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് മഹത്തായ ഭാരതീയ അടുക്കള’ എന്ന ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ചിത്രം മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയത്തെ അനുകൂലിച്ചും വിമര്ശിച്ചുമൊക്കെ സംവാദങ്ങള്‍ പൊടിപൊടിയ്ക്കുമ്പോള്‍ സിനിമാ സംവിധായകന് നേരെയും ധാരാളം വിമര്‍ശനം ഉയരുന്നുണ്ട്.
‘ഇപ്പോള്‍ അത്തരം ഒരു ചോദ്യവുമായി എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ചേദ്യം പതിവ് പോലെ സംവിധായകനോടായിരുന്നു. സുരാജിനും നിമിഷയ്ക്കും തുല്യ വേതനമാണോ കൊടുക്കുന്നത് എന്നാണ് ചിലര്‍ക്ക് അറിയേണ്ടത്. എന്നാല്‍ സംവിധായകന് ജിയോ ബേബി ഇതിന് നല്കിയ മറുപടി പറയുവാന്‍ സൗകര്യമില്ല എന്നായിരുന്നു.
ഇത്തരം ചോദ്യങ്ങളുമായി വരുന്നവര്‍ ആചാര സംരക്ഷണത്തിനായി കല്ലെറിഞ്ഞവരായിരിക്കും, അല്ലെങ്കില്‍ വണ്‍ ഇന്ത്യ വണ്‍ പെന്ഷന് എന്നൊരു ടീമുണ്ട്, അവരായിരിക്കുമെന്നും സംവിധായകന് കൂട്ടിച്ചേര്‍ത്തു. ഇത്തരക്കാര്‍ എല്ലാര്ക്കും മാസം പതിനായിരം രൂപ വെച്ച് കൊടുക്കണം എന്ന് വാദിക്കുന്നവരാണ്. ജില്ലാ കളക്റ്റര്‍ക്കും ഓഫീസില്‍ കാവല്‍ നില്‍ക്കുന്നവര്‍ക്കും ഒരേ വേതനം കൊടുക്കണം എന്ന് പറയും. നല്ല പൊളിറ്റിക്സൊക്കെയാണ്. സമത്വം തുല്യത എന്നൊക്കെ പറയുന്നത് നല്ല ആശയമാണ്.
പക്ഷെ ഇവരുടെയൊക്കെ വീടുകളില്‍ അത് പ്രാവര്‍ത്തികമാക്കുന്നുണ്ടോ? വീട് പണിയുവാന്‍ വരുന്ന എഞ്ചിനീയര്‍ക്ക് മേസ്തരിയേക്കാള്‍ വേതനമുണ്ടാകും. ഇതുമായി ബന്ധപ്പെട്ടാണ് പലതും നില്‍ക്കുന്നത്. ഈ സിനിമയില്‍ സുരാജിന് എത്ര കൊടുത്തു, നിമിഷയ്ക്ക് എത്ര കൊടുത്തു, എന്ന് പറയാന്‍ എനിക്ക് സൗകര്യമില്ല. ഈ ചോദ്യത്തിനുള്ള ഉത്തരം കിട്ടിക്കഴിഞ്ഞാല്‍ സമൂഹത്തിലെ എല്ലാ പ്രശ്നങ്ങളും അവസാനിച്ചുവെന്നാണോ ഇവരൊക്കെ വിചാരിക്കുന്നത്? അത് നിങ്ങളറിയണ്ട’. ജിയോ ബേബി വ്യക്തമാക്കി.
നിരവധി വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ച ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് ഒരു കുടുംബത്തിലെ കഥയാണ് സൂചിപ്പിക്കുന്നത്. ഒരു കുടുംബത്തിനുള്ളിലെ സ്ത്രീകളുടെ കഷ്ടപ്പാടും സ്വാതന്ത്രമെല്ലാം ഇതില്‍ വ്യക്തമാക്കുന്നു. മാത്രമല്ല പഴയ കാല ആചാരങ്ങളെ പൊളിച്ചെഴുതി കൊണ്ടായിരുന്നു സിനിമയുടെ അവസാനവും.
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്’. കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് ആയിരുന്നു ജിയോ ബേബിയുടെ ഇതിന് മുന്ന് ഇറങ്ങിയ ചിത്രം.