ബിഗ് ബോസിൽ ഇത്തവണ നിങ്ങളെ ചിരിപ്പിക്കാൻ ഒരാൾ ഉണ്ടാകും. നിങ്ങളെയും ബിഗ് ബോസിലെ മറ്റുള്ള മത്സരാർഥികളെയും ചിരിപ്പിക്കാൻ ഇത്തവണ എത്തുന്നത് ആരാണ് എന്ന് അറിയുമോ? കുട്ടി അഖിലാണ് ഇത്തവണ ആ കൊട്ടേഷൻ ഏറ്റെടുത്തിരിക്കുന്നത്. വെറും ചിരിപ്പിക്കാൻ എത്തുന്ന ഒരു താരം അല്ലാതെ ഒരു ഗംഭീര മത്സരാർഥി ആയിരിക്കും അഖിൽ എന്നാണ് ആരാധകർ വിശ്വസിക്കുന്നത്. അഖിലിൻ്റെ കോമഡി തന്ത്രങ്ങൾ ബിഗ് ബോസ് പ്രേക്ഷകരെയും ആകർഷിക്കുമോ എന്നാണ് ഇനി കണ്ടറിയാൻ ഉള്ളത്.
കുട്ടി അഖിൽ എന്നാണ് ഇദ്ദേഹത്തെ ആരാധകർ ഇഷ്ടത്തോടെ വിളിക്കുന്നത്. അഖിൽ ബി എസ് നായർ എന്നാണ് യഥാർത്ഥ പേര്. പ്രീമിയർ പദ്മിനി എന്ന വെബ് സീരിസ് മുഖേനയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. കോമഡി എക്സ്പ്രസ് എന്ന പരിപാടിയിലൂടെ ആയിരുന്നു അതിൽ മിനി സ്ക്രീനിൽ എത്തുന്നത്. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് സീസൺ 2 അഖിലിനെ താരമാക്കി മാറ്റി. നെയ്യാറ്റിൻകര പോളിടെക്നിക് കോളേജിൽ നിന്ന് തുടങ്ങിയ ഇദ്ദേഹത്തിൻറെ കലാപ്രവർത്തനം ഇന്ന് സിനിമയിൽ എത്തി നിൽക്കുകയാണ്.
കോളേജ് പഠനകാലത്ത് ഒരുപാട് സൗഹൃദങ്ങൾ ഉണ്ടായിരുന്നു എന്നും അതാണ് കലാരംഗത്ത് എത്തിച്ചത് എന്നുമാണ് അഖിൽ തന്നെ പറയുന്നത്. സ്മൈൽ പ്ലീസ് ചെയ്തിരുന്ന അഖിൽ ഭദ്ര എന്ന സുഹൃത്ത് മുഖേനയാണ് കുട്ടി അഖിൽ സ്കിറ്റിൽ ഒപ്പം കൂടുന്നത്. ടെലിവിഷൻ മേഖലയിലേക്കും പിന്നീടു് സിനിമയിലേക്കും എത്താൻ തന്നെ സഹായിക്കുന്നതു സ്കിറ്റ് ചെയ്തുകൊണ്ടുള്ള പരിചയമാണ് എന്നാണ് അഖിൽ ഒരു അഭിമുഖത്തിൽ പറയുന്നത്.
ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം കൂടിയാണ് കുട്ടി അഖിൽ. ഇദ്ദേഹം സിനിമയിലും അരങ്ങേറിയിട്ടുണ്ട്. മുന്തിരി മൊഞ്ചൻ, വെർജിൻ എന്നീ സിനിമകളിലാണ് അഖിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സ്കിറ്റ് പരിപാടികൾ വഴി ശ്രദ്ധിക്കപ്പെട്ട മലയാളികളുടെ പ്രിയപ്പെട്ട അഖിലിന് ബിഗ്ബോസിൽ താരമാകാൻ സാധിക്കുമെന്നാണ് ആരാധകർ കരുതുന്നത്. ഇനി ഇദ്ദേഹത്തിൻറെ പ്രകടനം കാണാൻ വേണ്ടി കാത്തിരിക്കുകയാണ് കുട്ടി അഖിൽ ആരാധകരും മലയാളത്തിലെ ടെലിവിഷൻ പ്രേക്ഷകരും ഒരുപോലെ.