സ്വന്തം രക്തമുപയോഗിച്ച് തന്റെ ചിത്രം വരച്ച ആരാധകനെ തിരുത്തി നടന് സോനു സൂദ്. ഇങ്ങനെയൊന്നും ചെയ്യരുതെന്നും പകരം രക്തം ദാനം ചെയ്യുകയാണ് വേണ്ടതെന്നും സോനു സൂദ് ആരാധകനോട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഒരുകൂട്ടം ആരാധകര്‍ സോനു സൂദിനെ കാണാന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്ന മധു ഗുര്‍ജാര്‍ എന്ന ആരാധകനാണ് സോനു സൂദിന്റെ ചിത്രം തന്റെ രക്തംകൊണ്ട് വരച്ചത്. സോനു സൂദ് തനിക്ക് ദൈവത്തിനു തുല്യമാണെന്നും അദ്ദേഹത്തിനായി മരിക്കാന്‍ പോലും തയ്യാറാണെന്നും മധു ഗുര്‍ജാര്‍ പറഞ്ഞു. അദ്ദേഹം കഴിവുറ്റ കലാകാരനാണെന്ന് സോനു സൂദ് പറഞ്ഞു. തന്റെ ചിത്രം വരച്ചു. എന്നാല്‍ രക്തം കൊണ്ട് ചിത്രം വരച്ചു എന്നത് തെറ്റാണെന്നും സോനു സൂദ് പറഞ്ഞു. തന്റെ ചിത്രം വരച്ച് രക്തം പാഴാക്കരുതെന്നും രക്തം ദാനം ചെയ്യാന്‍ തയ്യാറാകണമെന്നും സോനു സൂദ് കൂട്ടിച്ചേര്‍ത്തു.
അക്ഷയ് കുമാര്‍ നായകനായ പൃഥ്വിരാജ് എന്ന ചിത്രത്തിലാണ് സോനു സൂദ് അവസാനമായി അഭിനയിച്ചത്. തമിഴരസന് എന്ന തമിഴ് ചിത്രത്തിലാണ് അദ്ദേഹം അടുത്തതായി അഭിനയിക്കുന്നത്. അഭിനന്ദന് ഗുപ്ത സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലറായ ഫത്തേ എന്ന ബോളിവുഡ് ചിത്രത്തിലും അദ്ദേഹം മുഖ്യ കഥാപാത്രമായി എത്തും.