പാലക്കാട്: അയോധ്യയിലെ പ്രാണപ്രതിഷ്ഠക്ക് എതിരെ വിക്ടോറിയ കോളേജില്‍ എസ്എഫ്ഐയുടെ ബാനര്‍. ‘ബാബറിയുടെ ശവക്കല്ലറയില്‍ രാമക്ഷേത്രത്തിന്റെ തറക്കല്ല്’ എന്നാണ് ബാനര്‍. ഇന്ന് രാവിലെയാണ് കോളേജ് ഗേറ്റിന് മുന്നില്‍ ബാനര്‍ ഉയര്‍ത്തിയത്.
എന്നാല്‍ ബാനര്‍ ശ്രദ്ധ നേടിയതോടെ പൊലീസ് എത്തി ബാനര്‍ അഴിപ്പിച്ചു. അതേസമയം, കേരളത്തില്‍ രാമ തരംഗമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പറയുന്നത്. വിലക്കുകള്‍ ലംഘിച്ച് വൈകിട്ട് ദീപങ്ങള്‍ തെളിയിക്കുമെന്നും കെ സുരേന്ദ്രന് പറഞ്ഞു.
അതേസമയം അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത്, യുപി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ പൂജാ ചടങ്ങുകളില്‍ പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹത്തിലാണ് രാംലല്ല വിഗ്രഹ പ്രതിഷ്ഠ നടന്നത്. പ്രാണ പ്രതിഷ്ഠ നടക്കുമ്പോള്‍ ക്ഷേത്രത്തിന് പുറത്ത് സൈനിക ഹെലികോപ്ടറില്‍ പുഷ്പവൃഷ്ടി നടത്തി.
ദര്‍ഭ പുല്ലുകളാല്‍ തയ്യാറാക്കിയ പവിത്രം ധരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പൂജാ ചടങ്ങുകളില്‍ പങ്കെടുത്തത്. ഉച്ചയ്ക്ക് 12.20നും 12.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് പ്രാണ പ്രതിഷ്ഠ നടന്നത്. പ്രതിഷ്ഠ ചടങ്ങില്‍ മുഖ്യ യജമാനനായിട്ടായിരിക്കും പ്രധാനമന്ത്രി പങ്കെടുത്തത്.