മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ബിജേഷ്. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. എന്നാൽ അതിനുമുമ്പുതന്നെ നിരവധി ടിക്ടോക് വീഡിയോ കോൾ ചെയ്തു താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് സാന്ത്വനം എന്ന പരമ്പരയിൽ സേതു ആയി എത്തിയതോടെ ആണ് താരം കൂടുതൽ ഉയരങ്ങളിലേക്ക് എത്തുന്നത്. തൃശ്ശൂർ സ്വദേശി ആണ് താരം. അടുത്തിടെ ഒരു ദുഃഖ വാർത്ത പങ്കുവെച്ചുകൊണ്ട് താരം എത്തിയിരുന്നു.
അച്ഛൻ മരണപ്പെട്ട വാർത്ത ആയിരുന്നു ബിജേശ് പങ്കുവെച്ചത്. ഒരു വിഷമം തീർന്ന ഉടനെ തന്നെ അടുത്തത് എത്തി എന്നാണ് ഇപ്പോൾ താരം പറയുന്നത്. പിടിക്കുന്ന ചില്ലകൾ എല്ലാം ഒടിയുന്ന അവസ്ഥയാണ് ഇപ്പോൾ എന്നു പറഞ്ഞുകൊണ്ടാണ് പുതിയ ദുഃഖ വാർത്ത താരം പങ്കുവെച്ചത്. അമ്മയുടെ ആങ്ങളയുടെ വിയോഗ വാർത്ത ആണ് ഇപ്പോൾ താരം പങ്കുവയ്ക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ആണ് താരം ഈ കുറിപ്പ് എഴുതിയത്.
“കയ്യെത്തി പിടിച്ചിരുന്ന ചില്ലകൾ ഒടിഞ്ഞു പോയി കൊണ്ടിരിക്കുന്നു. ശാസിച്ചും സ്നേഹിച്ചും ഉപദേശിച്ചും ലാളിച്ചും എന്നെ വളർത്തിക്കൊണ്ടുവന്നു. തന്നോളം വളർന്നു എന്ന് തോന്നിയപ്പോൾ എന്നെ കൂട്ടിനു വിളിച്ചു. പിന്നീട് തന്നേക്കാൾ പ്രായം ആയി എന്ന് അദ്ദേഹത്തിന് തോന്നിക്കാണണം. ഞാൻ പണ്ട് നൽകിയ ബഹുമാനം എല്ലാം തിരിച്ച് ഇങ്ങോട്ടും തന്നു (അതെന്തിനാണെന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല). ആ ബഹുമാനത്തിന് ഒപ്പം എവിടെയോ അധികാരത്തിൽ നിറഞ്ഞ വാക്കുകളും അളന്നുമുറിച്ച് പറഞ്ഞു തുടങ്ങിയിരുന്നു (അതും എന്തിനാണെന്ന് മനസ്സിലായില്ല. എനിക്ക് സ്നേഹക്കൂടുതൽ കൊണ്ടുള്ള അധികാരം പലപ്പോഴും ഇഷ്ടമായിരുന്നു. ശരീരം സ്വന്തം മനസ്സിനൊപ്പം എത്തുന്നില്ല എന്ന തിരിച്ചറിവിൽ നിന്നുമായിരിക്കണം ഒരുപക്ഷേ അപേക്ഷയുടെ ഭാഷയും അദ്ദേഹത്തിൽ കടന്നെത്തിയത്.” – താരം സമൂഹമാധ്യമങ്ങളിൽ പറയുന്നു.
“ഒടുവിൽ പിരിഞ്ഞു പോകാൻ നേരം ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് തിരികെ പോകണം എന്നുള്ള ആഗ്രഹം അദ്ദേഹം പറയുകയുണ്ടായി. എന്നാൽ അത് ഞങ്ങൾക്ക് സാധിച്ചു കൊടുക്കാൻ പറ്റിയില്ല. മാമൻ (അമ്മയുടെ സഹോദരൻ) എൻറെ ജീവിതത്തിൽ ഒരു നൊമ്പരം ആയി മാറിയിരിക്കുന്നു. അച്ഛനു പിറകെ മാമനും കഴിഞ്ഞ ദിവസം മറ്റൊരു ലോകത്തേക്ക് പോയി. എൻറെ കൈകൾക്ക് ഭാരം വർധിക്കുന്നു” – ബിജേഷ് കൂട്ടിച്ചേർത്തു.