നടന് നാഗചൈതന്യക്കൊപ്പം ഒരുമിച്ച് താമസിച്ച വീട് സ്വന്തമാക്കി നടി സാമന്ത. നടനും നിര്‍മാതാവുമായ മുരളി മോഹന്‍ വാര്‍ത്ത ശരിവച്ചു. വിവാഹമോചനം നേടിയ ശേഷം ഇരുവരും വേറെ വീടുകളിലേക്ക് മാറിയെങ്കിലും സാമന്ത അതില്‍ സംതൃപ്ത അല്ലായിരുന്നുവെന്നാണ് മുരളി മോഹന്‍ പറയുന്നത്. അതുകൊണ്ടാണ് വലിയ വിലകൊടുത്ത് വീട് തിരികെ വാങ്ങിയതെന്നും മുരളി പറഞ്ഞു. ഈ വീട്ടില്‍ നിലവില്‍ സാമന്തയും അമ്മയും മാത്രമാണുള്ളത്.
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് സാമന്ത. കഴിഞ്ഞ വര്‍ഷമാണ് നാഗചൈതന്യയും സാമന്തയും വേര്‍പിരിഞ്ഞത്. നാല് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലാണ് ഇരുവരും വേര്‍പിരിഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെയാണ് വേര്‍പിരിഞ്ഞ കാര്യം ഇരുവരും ആരാധകരുമായി പങ്കുവച്ചത്. ഇത് ഇരുവരുടേയും ആരാധകരെ ഞെട്ടിച്ചിരുന്നു. വിവാഹ മോചനത്തിന് ശേഷമാണ് സാമന്ത സിനിമയില്‍ സജീവമായത്.
നേരത്തേ കോഫി വിത്ത് കരണ്‍ ജോഹര്‍ എന്ന പരിപാടിയില്‍ അതിഥിയായി സാമന്ത എത്തിയിരുന്നു. ഭര്‍ത്താവ് നാഗചൈതന്യയോട് ഇപ്പോഴും ദേഷ്യമുണ്ടോ എന്ന കരണ്‍ ജോഹറിന്റെ ചോദ്യം, മുന്‍ ഭര്‍ത്താവ് എന്ന് സാമന്ത തിരുത്തിയിരുന്നു. ഇപ്പോള്‍ തന്നെയും നാഗചൈതന്യയേയും ഒരു മുറിയിലിട്ടാല്‍ മൂര്‍ച്ചയുള്ള സാധനങ്ങള്‍ മാറ്റിവയ്ക്കേണ്ടിവരുമെന്നും ഭാവിയില്‍ അത് മാറിയേക്കാമെന്നും സാമന്ത പറഞ്ഞിരുന്നു. വിജയ് ദേവരക്കൊണ്ടയ്ക്കൊപ്പമുള്ള ഖുശിയാണ് സാമന്തയുടേതായി ഇനി പുറത്തിറങ്ങാനുള്ള സിനിമ. 2022 ഡിസംബര്‍ 23 ന് ചിത്രം തീയറ്ററുകളില്‍ എത്തും.