തൃശൂര്‍: വാഴച്ചാലില്‍ കാട്ടാനയുടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ട വത്സയെ ആക്രമിച്ച ആന മഞ്ഞക്കൊമ്പനാണെന്ന്
ഭര്‍ത്താവ് രാജന്. വത്സയെ ആന തുമ്പിക്കൈ കൊണ്ട് അടിക്കുകയായിരുന്നുവെന്നും ഭര്‍ത്താവ് രാജന് പറഞ്ഞു.
വാച്ചുമരം കോളനി മൂപ്പന് കൂടിയായ രാജന് ഭാര്യയെ ആന ആക്രമിക്കുന്നതിന് ദൃക്സാക്ഷിയായിരുന്നു. ഇരുവരുമൊന്നിച്ചാണ് കാട്ടില്‍ വിഭവങ്ങള്‍ ശേഖരിക്കാനായി പോയത്. ഇതിനിടെയാണ് അപ്രതീക്ഷിതമായി കാട്ടാനയുടെ ആക്രമണമുണ്ടായത്.
രാജന്റെ വാക്കുകള്‍-
‘ഞങ്ങള്‍ കാട്ടില്‍ കായെടുക്കാന്‍ വേണ്ടി പോയതാ. കായ പെറുക്കി കൂട്ടിയിട്ടിട്ട് കഴിഞ്ഞ് അത് തല്ലിപ്പൊട്ടിക്കാന്‍ ഒരു കമ്പെടുക്കാന്‍ ഞാന്‍ പറഞ്ഞിട്ട് പോയതാ. അപ്പഴാണ് ആന ചിന്നം വിളിച്ചോണ്ട് ഒറ്റവരവ് വന്നത്.
ആദ്യം എന്നെ തട്ടി. ‘ആന വരുന്നേ’ എന്ന് ഞാന്‍ വിളിച്ച് പറഞ്ഞപ്പോഴേക്ക് അത് തുമ്പിക്കൈ കൊണ്ട് ഒറ്റയടിയായിരുന്നു. ഒരാനയേ ഉണ്ടായിരുന്നുള്ളൂ. അത് മഞ്ഞക്കൊമ്പനാണ്. എവിടെ ചെന്നാലും അതിനെക്കൊണ്ട് ശല്യമാണ്.’ -രാജന് മാധ്യമങ്ങളോട് പറഞ്ഞു.
വനവിഭവങ്ങള്‍ ശേഖരിക്കാനായി രാവിലെ ഒമ്പത് മണിക്ക് രാജനും ഭാര്യ വത്സയും കാട്ടില്‍ പോയതാണ്. വൈകീട്ട് മൂന്നരയോടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.
വത്സയുടെ നെഞ്ചില്‍ ആന ചവിട്ടി. മൂപ്പന് അലറി വിളിച്ചെങ്കിലും കുറച്ച് കഴിഞ്ഞാണ് ആന പോയത്. ശേഷം കോളനിക്കടുത്തെത്തി ആളുകളേയും കൂട്ടി വത്സയ്ക്കടുത്തെത്തുകയായിരുന്നു. അപ്പോഴേക്കും വത്സ മരിച്ചിരുന്നു.