ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയെ അസഭ്യം പറഞ്ഞെന്ന കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ നടന് ശ്രീനാഥ് ഭാസി സാവകാശം തേടി. നാളെ ഹാജരാകാന്‍ മരട് പൊലീസ് നിര്‍ദേശം നല്കി. പരാതിക്കാരിയുടെ മൊഴി പൊലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.
ഇന്ന് രാവിലെ 10 മണിക്ക് മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് പൊലീസ് നോട്ടീസ് നല്‍കിയത്. ഇന്ന് ശ്രീനാഥ് ഭാസി സ്റ്റേഷനില്‍ എത്താതിരുന്നതോടെ പൊലീസ് ബന്ധപ്പെട്ടു. ഇന്ന് രാത്രി ഹാജരാവാമെന്ന് മറുപടി നല്കി. എന്നാല്‍ നാളെ രാവിലെ സ്റ്റേഷനിലെത്താന്‍ പൊലീസ് നിര്‍ദേശം നല്കി.
സിനിമാ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെയാണ് സംഭവം നടന്നത്. ശ്രീനാഥ് ഭാസി അസഭ്യം പറഞ്ഞെന്നാണ് അവതാരകയുടെ പരാതി. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റം ചുമത്തിയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. അഭിമുഖത്തിന്റെ ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളും പൊലീസ് വിശദമായി പരിശോധിക്കും.