പീഡനക്കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. ഇരയായ യുവതിയുടെ പേര് വെളിപ്പെടുത്തിയതിനാണ് കേസ്. പ്രതിക്കായി വിമാനത്താവളങ്ങളില്‍ അടക്കം ഉടന്‍ ലുക്ക്ഔട്ട് നോട്ടിന് പുറപ്പെടുവിപ്പിക്കാനാണ് തീരുമാനം.
ഈ മാസം 22നാണ് വിജയ് ബാബുവിനെതിരെ കോഴിക്കോട് സ്വദേശിനിയായ യുവതി പീഡന പരാതി നല്‍കിയത്. പരാതിക്ക് പിന്നാലെ ഒളിവില്‍ പോയ വിജയ് ബാബു ചൊവ്വാഴ്ച രാത്രി ഫേസ്ബുക്ക് ലൈവിലൂടെയാണ് ഇരയുടെ പേര് വെളിപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ടാണ്
വിജയ് ബാബുവിനെതിരെ തേവര പൊലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തത്. ഇതോടെ വിജയ് ബാബുവിനെതിരെ ബാലാത്സംഗ കുറ്റമടക്കം രണ്ടു കേസുകളായി.
വിജയ് ബാബുവിനെതിരെ ഗുരുതര ആരോപണമാണ് യുവതി ഉന്നയിക്കുന്നത്. വിജയ് ബാബുവില്‍ നിന്ന് ലൈംഗിക ചൂഷണം ഉള്‍പ്പെടെയുള്ള ശാരീരികമായ ഉപദ്രവം നേരിടേണ്ടി വന്നുവെന്ന് യുവതി പറഞ്ഞിരുന്നു. സിനിമ രംഗത്ത് പുതുമുഖമായ തന്നോട് സൗഹൃദത്തോടെ പെരുമാറുകയും ഉപദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുകയും ചെയ്തു കൊണ്ട് അദ്ദേഹം തന്റെ വിശ്വാസം നേടിയെടുത്തു. തന്റെ വ്യക്തിപരവും തൊഴില്‍പരവുമായ പ്രശ്നങ്ങളില്‍ രക്ഷകനെപ്പോലെ പെരുമാറി. അതിന്റെ മറവില്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും യുവതി ആരോപിച്ചിരുന്നു.