കൊല്ലത്ത് ശ്രീലങ്കന്‍ സ്വദേശികള്‍ പിടിയിലായ സംഭവത്തില്‍ മനുഷ്യക്കടത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. പിടിയിലായ 11 പേര്‍ക്കെതിരെയാണ് മനുഷ്യക്കടത്തിന് കേസെടുത്തത്. കൊളംബോ സ്വദേശി ലക്ഷ്മണനാണ് മനുഷ്യക്കടത്തിന്റെ മുഖ്യ ഏജന്റെന്ന് പൊലീസ് പറഞ്ഞു. തമിഴ്നാട് കാരക്കാട് വഴി കാനഡയിലേക്ക് കടക്കാനായിരുന്നു സംഘത്തിന്റെ ആദ്യ പദ്ധതി. ഇത് പരാജയപ്പെട്ടതോടെയാണ് കൊല്ലം തീരം വഴി ഓസ്ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ചത്.
മനുഷ്യക്കടത്തിനായി ഏജന്റുമാര്‍ ഒരാളില്‍ നിന്ന് ഈടാക്കുന്നത് രണ്ടരലക്ഷം രൂപയാണ്. ഇന്ന് വൈകിട്ടോടെ ബോട്ട് കൊല്ലം ബീച്ചില്‍ എത്തുമെന്നാണ് അഭയാര്‍ത്ഥികളെ ഏജന്റ് അറിയിച്ചിരുന്നത്. 45 ദിവസത്തിനുളളില്‍ ബോട്ട് ഓസ്ട്രേലിയയില്‍ എത്തുമെന്നും പറഞ്ഞിരുന്നു. രണ്ട് ശ്രീലങ്കന്‍ സ്വദേശികളും തമിഴ്നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നുള്ള ഒന്‍പത് പേരുമാണ് ഇന്നലെ പിടിയിലായത്. കൊല്ലം നഗരത്തിലെ ഒരു ലോഡ്ജില്‍ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. കൊല്ലം പൊലീസും തമിഴ്നാട് ക്യൂ ബ്രാഞ്ച് ഉദ്യോഗസ്ഥരും സ്റ്റേഷനിലെത്തി ചോദ്യം ചെയ്തിരുന്നു.
ഓഗസ്റ്റ് മാസം 19-ന് ശ്രീലങ്കയില്‍ നിന്നും ചെന്നൈയില്‍ ടൂറിസ്റ്റ് വിസയില്‍ എത്തിയ രണ്ട് പേരെ കാണാതാരുന്നു. ഇവരെ തേടി തമിഴ്നാട് ക്യൂബ്രാഞ്ച് തമിഴ്നാട്ടിലും അയല്‍സംസ്ഥാനങ്ങളിലും അന്വേഷണം ആരംഭിച്ചു. കേരളത്തിലെ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ഇതു സംബന്ധിച്ച വിവരം കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൊല്ലം നഗരത്തിലെ വിവിധ ലോഡ്ജുകളില്‍ പൊലീസ് നടത്തിയ തെരച്ചിലിലാണ് 11 ശ്രീലങ്കന്‍ പൗരന്മാര് പിടിയിലായത്.