പീഡനക്കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ വിജയ് ബാബുവിനെതിരെ കേസ് എടുക്കുമെന്ന് പോലീസ്. ഇരയുടെ പേര് വെളിപ്പെടുത്താന്‍ പാടില്ല, എന്ന നിയമം നിലനില്‍ക്കെ പരസ്യമായി പരാതിക്കാരിയുടെ പേര് ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞതിനാണ് കേസെടുക്കുക. ഫേസ്ബുക്ക് ലൈവ് സൂക്ഷ്മമായി പരിശോധിച്ച ശേഷമായിരിക്കും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുക.
കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് വിജയ് ബാബു ഇരയുടെ പേര് വെളിപ്പെടുത്തിയത്. കേസിലെ യഥാര്‍ഥ ഇര താനാണെന്നും മാനനഷ്ടകേസ് അടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും
വിജയ് ബാബു പറഞ്ഞു.
നിലവില്‍ പരാതിക്കാരി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബലാത്സംഗം, പരിക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ മൂന്ന് വകുപ്പുകള്‍ പ്രകാരമാണ് വിജയ് ബാബുവിനതിരെ കേസെടുത്തിരിക്കുന്നത്. വിജയ് ബാബുവിനായി പോലീസ് തിരച്ചില്‍ തുടങ്ങി.
നേരത്തെ വിജയ് ബാബു ഗോവയിലെത്തിയിട്ടുണ്ട് എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഗോവയിലെത്തി , എന്നാല്‍ അവിടെ നിന്നും നടന് രക്ഷപ്പെട്ടു. ഇതോടെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
അതേസമയം സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്ലാറ്റില്‍ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് യുവ നടിയുടെ പരാതി. ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്.