പാലക്കാട്ടെ ഇരട്ടക്കൊലപാതകത്തില്‍ നിര്‍ണായക തെളിവ് പൊലീസിന് ലഭിച്ചു. കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്ത്തകന് ശ്രീനിവാസന്റെ കൊലയാളികള്‍ ആദ്യം കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് സുബൈറിന്റെ പോസ്റ്റ്മോര്‍ട്ടം സമയത്ത് ആശുപത്രിയില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.
പതിനഞ്ചാം തീയതിയായിരുന്നു സുബൈര്‍ കൊല്ലപ്പെട്ടത്. പതിനാറാം തീയതി രാവിലെയായിരുന്നു പോസ്റ്റ്മോര്‍ട്ടം നടന്നത്. ഇതിനിടെയാണ് പ്രതികള്‍ ആശുപത്രിയില്‍ എത്തിയത്. അതേദിവസം ഉച്ചക്ക് ഒരു മണിയോടെയാണ് ആര്‍എസ്എസ് പ്രവര്ത്തകന് ശ്രീനിവാസന്റെ കൊലപാതകം നടന്നത്. ആശുപത്രിയില്‍ നിന്നാണ് പ്രതികള്‍ ശ്രീനിവാസനെ കൊലപ്പെടുത്താനായി പോയതെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പൂര്‍ണമായും പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികള്‍ അവരുടെ മൊബൈല്‍ ഫോണുകള്‍ പലയിടത്തായി ഉപേക്ഷിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൃത്യത്തിനു ശേഷം പ്രതികള്‍ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.