എ.കെ.ജി സെന്റര്‍ ആക്രമണക്കേസില്‍ പ്രതി ജിതിനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു തെളിവെടുപ്പ്. പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്ന് കഴിയും.
അഞ്ച് മണിക്ക് മുന്നേ പ്രതിയെ കോടതിയില്‍ ഹാജരാക്കേണ്ടതുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പ്രതിയെ എ.കെ.ജി സെന്ററിലെത്തിച്ച് തെളിവെടുക്കുന്ന കാര്യം മാധ്യമങ്ങളെ അറിയിക്കാതെയായിരുന്നു പൊലീസ് നീക്കം. പ്രതി സഞ്ചരിച്ച സ്കൂട്ടറിനെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം.
കേസില്‍ വിശദമായ അന്വേഷണമാണ് ക്രൈംബ്രാഞ്ച് നടത്തുന്നത്. പ്രതി ധരിച്ചിരുന്ന ഷൂസ് അന്വേഷണ സംഘം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. എ.കെ.ജി സെന്റര്‍ ആക്രമണ കേസില്‍ നിര്‍ണായക തെളിവായ ഡിയോ സ്കൂട്ടറും പ്രതി ധരിച്ചിരുന്ന ടീ ഷര്‍ട്ടും കണ്ടെത്താനായിട്ടില്ല. ഇത് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രതിക്ക് ഡിയോ സ്കൂട്ടര്‍ എത്തിച്ചു നല്കിയ വനിതാ സുഹൃത്ത് ഒളിവിലാണെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. കേസില്‍ വനിതാ സുഹൃത്തിനെ സാക്ഷിയാക്കാനാണ് നീക്കം. പ്രാദേശിക നേതാവ് കൂടിയായ വനിതാ സുഹൃത്തിന് കേസില്‍ കൂടുതല്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ മാത്രമേ പ്രതിയാക്കുകയുള്ളൂ.
രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കൂടി ആക്രമണത്തില്‍ പങ്കുണ്ടെന്നാണ് നിലവില്‍ ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയെ ഉടന്‍ ചോദ്യം ചെയ്യും.