തിരുവനന്തപുരം; ഏപ്രില്‍ ഒന്നു മുതല്‍ കേരളത്തില്‍ പെട്രോളിനും ഡീസലിനും വിലകൂടും. പെട്രോളിനും ഡീസലിനും 2 രൂപ വീതമാണ് കൂടുന്നത്.
സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം അനുസരിച്ച് ആണ് വില വര്‍ധനവ് ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തിലാകുന്നത്.
സാമൂഹ്യസുരക്ഷാ ഫണ്ടിലേക്കുള്ള വിഹിതമായാണ് ഇന്ധന സെസ് പിരിക്കുന്നത്. ഒരു ലീറ്റര്‍ പെട്രോളിന് 105.59 രൂപയും ഡീസലിന് 94.53 രൂപയുമാണ് കൊച്ചിയില്‍ ബുധനാഴ്ചത്തെ വില. ഇത് ശനിയാഴ്ച 107.5 രൂപയും 96.53 രൂപയുമാകും.
ഒരു ലീറ്റര്‍ ഇന്ധനം നിറയ്ക്കുമ്പോള്‍ കിഫ്ബിയിലേക്ക് ഒരു രൂപ നിലവില്‍ ഈടാക്കുന്നുണ്ട്. ഇതിനു പുറമേ സെസുമുണ്ട്. ഒരു ലീറ്ററിന് 25 പൈസയാണ് സെസായി ഈടാക്കുന്നത്. ഇതിനു പുറമേയാണ് 2 രൂപ സാമൂഹ്യ സെസ് ഏര്‍പ്പെടുത്തുന്നത്.
ഒരു വര്‍ഷം 750 കോടി രൂപയാണ് സര്‍ക്കാര്‍ ഇന്ധന സെസിലൂടെ പ്രതീക്ഷിക്കുന്നത്. 1000 കോടി രൂപ ലഭിക്കുമെന്നാണ് ജിഎസ്ടി വകുപ്പ് പറയുന്നത്.
നിലവില്‍ പെട്രോള്‍ ലീറ്ററിനു അടിസ്ഥാനവില 57.46 രൂപയാണ്. ഡീസല്‍ ലിറ്ററിന് 58.27 രൂപയുമാണ്. വിവിധ നികുതികള്‍ ചുമത്തിയാണ് നിലവിലുള്ള വിലയില്‍ ലഭിക്കുന്നത്.