കോഴിക്കോട്: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന കോണ്‍ഗ്രസ് തീരുമാനത്തെ പ്രശംസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്.
നിലപാട് സ്വാഗതാര്‍ഹമാണ്. തീരുമാനത്തിന് പിന്നില്‍ ഇടതുപക്ഷ സ്വാധീനമെന്നും തീരുമാനത്തിലൂടെ ഇന്‍ഡ്യ മുന്നണിക്ക് ഒരുപടി മുന്നോട്ട് പോകാന്‍ കഴിയുമെന്നും എം വി ഗോവിന്ദന് വ്യക്തമാക്കി.
ബിജെപി വിരുദ്ധ വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാണിച്ചു.
പരിപാടിയില്‍ പങ്കെടുക്കാത്തത് ഈശ്വര നിന്ദയെന്ന എന്‍എസ്എസ് നിലപാടും എം വി ഗോവിന്ദന് തള്ളി.
പരിപാടിയില്‍ പങ്കെടുക്കാത്തത് ഈശ്വര നിന്ദയല്ല. രാഷ്ട്രീയ താല്പര്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. അമ്പലത്തിലും പള്ളികളിലും പോകാന്‍ വിശ്വാസികള്‍ക്ക് അവകാശം ഉണ്ട്.
വിശ്വാസികള്‍ക്കൊപ്പമാണ് സിപിഐഎമ്മെന്നും എം വി ഗോവിന്ദന് വ്യക്തമാക്കി. അതേസമയം ഈ മാസം 22ന് നടക്കുന്ന അയോധ്യ പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം കോണ്‍ഗ്രസ് നിരസിച്ചിരുന്നു.
ചടങ്ങിലേക്കുള്ള ക്ഷണം കിട്ടിയ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കില്ലെന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ആദരവോടെ ക്ഷണം നിരസിക്കുന്നുവെന്നും കോണ്‍ഗ്രസ് അറിയിച്ചു.
അയോധ്യ പ്രതിഷ്ഠാ ചടങ്ങ് ബിജെപിയുടെയും ആര് എസ് എസിന്റെയും പരിപാടിയാണ്. മതവിശ്വാസം വ്യക്തിപരമായ കാര്യമാണ്.ആര്‍എസ്എസും ബിജെപിയും അയോധ്യയെ രാഷ്ട്രീയ പദ്ധതിയാക്കിയെന്നും കോണ്‍ഗ്രസ് പറയുന്നു.
നിര്‍മാണം പൂര്‍ത്തിയാക്കും മുന്‍പുള്ള ഉദ്ഘാടനം തെരഞ്ഞെടുപ്പ് നേട്ടത്തിനാണ്. അയോധ്യയിലെ സുപ്രീംകോടതി വിധി മാനിച്ചും രാമഭക്തരുടെ വികാരം മാനിച്ചുമാണ് തീരുമാനമെന്നും കോണ്‍ഗ്രസ് കൂട്ടിച്ചേര്‍ത്തിരുന്നു.