മലയാളത്തിലെ നിലവിലെ എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് ചിത്രമാണ് ലൂസിഫർ. മോഹൻലാൽ നായകനായ ചിത്രം സംവിധാനം ചെയ്തത് പൃഥ്വിരാജ് ആണ്. പൃഥ്വിരാജ് ആദ്യമായി സംവിധായകന്റെ വേഷമണിയുന്ന ചിത്രം കൂടിയാണ് ഇത്. ആശിർവാദ് പ്രൊഡക്ഷൻസ് ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ് ചിത്രം നിർമിച്ചത്. മുരളി ഗോപിയുടെത് ആണ് തിരക്കഥ. ചിത്രത്തിൻറെ രണ്ടാം ഭാഗം എമ്പുരാൻ അണിയറയിൽ ഒരുങ്ങുകയാണ്. ഒന്നാം ഭാഗത്തിൽ നിന്നും വളരെ വ്യത്യസ്തമായിട്ടായിരിക്കും രണ്ടാം ഭാഗമൊരുക്കുന്നത്.
മുരളി ഗോപി തന്നെയാണ് രണ്ടാം ഭാഗത്തിനും തിരക്കഥ ഒരുക്കുന്നത്. എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചൂടുപിടിക്കുന്ന ചർച്ച മറ്റൊന്നാണ്. രണ്ടാം ഭാഗത്തിൽ മമ്മൂട്ടി എത്തുന്നുണ്ടോ?
മമ്മൂട്ടിയുടെ പിറന്നാളിന് പൃഥ്വിരാജ് ആശംസ അർപ്പിച്ചു കൊണ്ട് സമൂഹമാധ്യമങ്ങളിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ‘ഞങ്ങളുടെ തെസ്പിയാന് പിറന്നാൾ ആശംസകൾ’ എന്നായിരുന്നു പൃഥ്വിരാജ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഈ പോസ്റ്റിനു താഴെ മുരളിഗോപി കമൻറ് ഇടുകയും ചെയ്തു. ഇതോടെയാണ് ലൂസിഫർ രണ്ടാം ഭാഗത്തിൽ മമ്മൂട്ടി എത്തുന്നുണ്ട് എന്ന ചർച്ചകൾ ചൂടുപിടിച്ചത്.
കഴിഞ്ഞദിവസം മുരളിഗോപി മമ്മൂട്ടിയുടെ കൂടെ ഒരു സെൽഫി എടുക്കുകയും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് ക്യാപ്റ്റനായി നൽകിയത് ‘തെസ്പിയാന് ഒപ്പം’ എന്നായിരുന്നു. ഇതോടെ നേരത്തെ ഉണ്ടായിരുന്ന സംശയങ്ങൾ ഏറെക്കുറെ ഉറപ്പായി.
അടുത്തിടെ ആണ് രണ്ടാം ഭാഗത്തിന്റെ തിരക്കഥയുടെ പൂർണ്ണരൂപം മുരളിഗോപി പൃഥ്വിരാജിന് സമർപ്പിക്കുന്നത്. ഇരുവരും ഈ വിവരം ഇൻസ്റ്റഗ്രാം വഴി ആരാധകരെ അറിയിക്കുകയും ചെയ്തിരുന്നു. പിന്നീട് പെട്ടെന്നുണ്ടായ മുരളിഗോപിയുടെയും മമ്മൂട്ടിയുടെയും കൂടിക്കാഴ്ച ആരാധകരെ കൂടുതൽ ഭ്രാന്ത് പിടിപ്പിക്കുകയാണ്. ഒരു ഔദ്യോഗിക സ്ഥിരീകരണത്തിന് വേണ്ടിയാണ് ഇപ്പോൾ പ്രേക്ഷകരും ആരാധകരും ഒരുപോലെ കാത്തിരിക്കുന്നത്.
എന്നാൽ ഇപ്പോൾ മറ്റൊരു വിഷയമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. എന്താണ് തെസ്പിയൻ എന്ന വാക്കിൻറെ അർത്ഥം? ഒരുപാട് ആളുകൾ ആണ് ഈ വാക്കിൻറെ അർത്ഥം ഗൂഗിളിൽ തിരഞ്ഞത്. നാടകങ്ങളും നാടക വേദികളും ആയി ബന്ധപ്പെട്ട ഒരു വാക്കാണ് ഇത്. നടൻ അല്ലെങ്കിൽ നടി എന്നിവരെ സൂചിപ്പിക്കുന്ന വാക്ക് ആണ് ഇത്. എന്തായാലും ഈ വിഷയത്തിൽ കൂടുതൽ വിവരങ്ങൾ വരുന്നതുവരെ കാത്തിരിപ്പ് തുടരുക തന്നെ വേണം.