വീട്ടില്‍ നിന്ന് സ്കൂളിലേക്ക് പോയ മകളെ കാണാതെ മാതാപിതാക്കള്‍ തിരച്ചില്‍ നടത്തുമ്പോള്‍ മകള്‍ തീയറ്ററില്‍. കണ്ണൂരിലാണ് സംഭവം. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പതിനൊന്നുവയസുകാരിയെയാണ് പതിനാറ് വയസുകാരനൊപ്പം തീയറ്ററില്‍ നിന്ന് കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ മുതലാണ് വിദ്യാര്‍ത്ഥിനിയെ കാണാതാവുന്നത്. അധ്യാപകരും കണ്ണൂര്‍ സിറ്റി പോലീസും നടത്തിയ തെരച്ചിലിലാണ് കണ്ണൂരിലെ തീയറ്ററില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയത്.
സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയായ 16 കാരനൊപ്പമാണ് വിദ്യാര്‍ത്ഥിനി പോയത്. താന്‍ സ്വന്തമായി വളര്‍ത്തിയ മുയലുകളെ വിറ്റ കാശുകൊണ്ടാണ് കണ്ണൂരിലെത്തിയതെന്ന് 16 കാരന് പൊലീസിനോട് പറഞ്ഞു. തിങ്കളാഴ്ച രാത്രി വിദ്യാര്‍ത്ഥിനി ക്ലാസ് ടീച്ചര്‍ക്ക് ഒരു മെസേജ് അയച്ചിരുന്നു. പനിയായതിനാല്‍ പിറ്റേന്ന് അവധിയായിരിക്കുമെന്നായിരുന്നു മെസേജ്. എന്നാല്‍, പിറ്റേന്ന് വിദ്യാര്‍ത്ഥിനി സാധാരണ പോലെ സ്കൂള്‍ വാനില്‍ കയറി സ്കൂളിന്റെ മുന്നില്‍ ഇറങ്ങി. തുടര്‍ന്ന് ഇവിടെ കാത്തുനിന്ന 16 കാരനൊപ്പം സിനിമ കാണാന്‍ പോകുകയായിരുന്നു. തീയറ്ററിലെ ശുചിമുറിയില്‍ കയറി യൂണിഫോം മാറി കൈയില്‍ കരുതിയിരുന്ന വസ്ത്രം ധരിച്ചാണ് പെണ്‍കുട്ടി സിനിമക്ക് കയറിയത്.
വിദ്യാര്‍ത്ഥിനി സ്കൂളിന്റെ മുന്നില്‍ ഇറങ്ങുന്നതുകണ്ട സഹപാഠിയാണ് സംഭവം അധ്യാപകരെ അറിയിച്ചത്. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരേയും കണ്ടെത്തിയത്.