സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ 171 -ാം ചിത്രത്തിന്റെ പ്രവർത്തനങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. വലിയ ആകാംശയിലാണ് ആരാധകരെല്ലാം തന്നെ.തലൈവർ 171 എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രത്തില്‍ വിവിധ ഭാഷകളില്‍ നിന്നുള്ള വമ്പന്‍ താര നിര ഉണ്ടാകും.മമ്മൂട്ടിയെ ചിത്രത്തിൽ ഒരു നിർണായക വേഷത്തിനായി ലോകേഷ് കനകരാജ് കാസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നുവെന്ന അഭ്യൂഹങ്ങളും ശക്തമാണ്. അങ്ങനെയെങ്കില്‍ ജയിലറിലെ മോഹന്‍ലാലിന് പിന്നാലെ മറ്റൊരു മലയാളം സൂപ്പർ സ്റ്റാർ കൂടി തുടർച്ചയായി രജനീകാന്ത് ചിത്രത്തിന്റെ ഭാഗമാകും. ഇപ്പോഴിതാ ഇത്തരം അഭ്യൂഹങ്ങളോട് പ്രതികരിച്ചുകൊണ്ട് മമ്മൂട്ടി തന്നെ വന്നിരിക്കുകയാണ്.കാതൽ: ദി കോർ എന്ന ചിത്രത്തിന്റെ പ്രമോഷനുകൾക്കിടെയാണ് മമ്മൂട്ടി റിപ്പോർട്ടിനോട് പ്രതികരിച്ചിരിക്കുന്നത്. രജനീകാന്ത് – ലോകേഷ് കനകരാജ് ചിത്രത്തിന്റെ ഭാഗമല്ലെന്ന് മമ്മൂട്ടി തന്നെ പ്രതികരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ലെന്നും അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞു.
‘രജനി സിനിമയിൽ ഇതുവരെ ഒരു വേഷത്തിനും തന്നെ സമീപിച്ചിട്ടില്ല. എന്നാൽ തലൈവർ 171ലെ ഏത് വേഷത്തിനും ടീമിന് തന്നെ വേണമെങ്കിൽ എപ്പോൾ വേണമെങ്കിലും സമീപിക്കാം’ അദ്ദേഹം പറഞ്ഞു. 1991-ൽ പുറത്തിറങ്ങി, സൂപ്പർ ഹിറ്റായ മണിരത്നം ചിത്രത്തില്‍ ദളപതിയിലാണ് മമ്മൂട്ടിയും രജനീകാന്തും ഇതിന് മുമ്പ് ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇരു സൂപ്പർ സ്റ്റാറുകളും ഒന്നിക്കാന്‍ പോകുന്നുവെന്ന രീതിയിലായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രചരണങ്ങള്‍. ദളപതി വിജയ് നായകനായ ലിയോ എന്ന ബ്ലോക്ക്ബസ്റ്റർ ആക്ഷൻ ഡ്രാമയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രമാണ് തലൈവർ 171. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ നടന്ന് വരികയാണ്.
അതെ സമയം അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും അന്തിമമായി തീരുമാനിക്കാന്‍ ടീമിന് ധാരാളം സമയമുണ്ട് എന്നതിനാല്‍ തന്നെ മമ്മൂട്ടി ചിത്രത്തിലേക്ക് വരാനുള്ള സാധ്യത തള്ളിക്കളയാനും സാധിക്കില്ല. തലൈവർ 171 ന്റെ കഥ വളരെക്കാലം മുമ്പ് പൂർത്തിയാക്കപ്പെട്ടതാണെന്നും ഇത് ഒരു പരീക്ഷണ ചിത്രമാണെന്നുമാണ് സൂചന.