ഒരു കാലത്ത് മലയാളി യുവത്വത്തിൻറെ ഹരമായിരുന്നു കുഞ്ചാക്കോബോബൻ. അനിയത്തിപ്രാവിലൂടെയാണ് താരം മലയാളികളുടെ ഹൃദയം കൈയിലെടുക്കുന്നത്. പിന്നീട് കുറെയധികം സമയത്തേക്ക് ക്യാമ്പസുകളുടെ ഇഷ്ട തോഴനായിരുന്നു കുഞ്ചാക്കോ. ഇന്നിപ്പോൾ ചോക്ലേറ്റ് ഹീറോ എന്നതിനപ്പുറത്തേക്ക് മലയാളസിനിമയിൽ മേൽവിലാസം ഉണ്ടാക്കിയിട്ടുണ്ട് താരം.
കുഞ്ചാക്കോ ബോബൻ്റെ തന്നെ ഒരു ചിത്രത്തിലെ ഹിറ്റ് ഗാനം പോലെ താരത്തിൻ്റെ പ്രിയതമയുടെ പേര് പ്രിയ എന്നാണ്. നീണ്ടകാലത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. ഇപ്പോഴിതാ താങ്കളുടെ മധുര പതിനേഴാം വിവാഹ വാർഷികം ആഘോഷിച്ചിരിക്കുകയാണ് ഇരുവരും. സുഹൃത്തുക്കളും, സിനിമാരംഗത്തെ പ്രമുഖരും, ആരാധകരും അടക്കം നിരവധി പേരാണ് ദമ്പതികൾക്ക് വിവാഹ വാർഷിക ആശംസകൾ അറിയിച്ചുകൊണ്ട് എത്തുന്നത്. മകൻ ഇസഹാക്കിനൊപ്പം കേക്ക് മുറിച്ചാണ് ഇരുവരും വിവാഹ വാർഷികം ആഘോഷിച്ചത്. ഒരു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്. ഔദ്യോഗികമായി ഒന്നിച്ചുള്ള മധുരപ്പതിനേഴ്. നിന്നോടൊപ്പമുള്ള ജീവിതം മികച്ചതായി തുടരുന്നു പ്രിയപ്പെട്ട ഭാര്യേ. ഈ ഡിജിറ്റൽ ലോകത്തിലെ തന്നെ ഏറ്റവും അതിവേഗ വൈഫൈ നീയാണ്. എൻറെ ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും എത്ര മികച്ചതായി നീ കൈകാര്യം ചെയ്യുന്നു എന്നത് ആശ്ചര്യപ്പെടുത്തുന്നു. കുടുംബത്തെയും തൊഴിലിനെയും സുഹൃത്തുക്കളെയും നീ പരിപാലിക്കുന്നു.
എൻറെ ജീവിതം സന്തുലിതമായി നിലനിർത്തുന്നു. ഏതൊരു സാധാരണ ദമ്പതികളെ പോലും നമ്മൾ വഴക്കുകൾ ഉണ്ടാക്കാറുണ്ട്. പക്ഷേ രാത്രി തീരുംമുൻപ് അവ പരിഹരിച്ച് അടുത്ത ദിവസത്തെ ഏറ്റവും മികച്ച ഒന്നാക്കി മാറ്റുന്നു എന്ന് നമ്മൾ ഉറപ്പാക്കി. താരം കുറിച്ച് കുറിപ്പ് ഇങ്ങനെ പോകുന്നു. മലയാളി പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട താരദമ്പതിമാരിൽ ഉൾപ്പെട്ടവരാണ് ഇരുവരും എന്ന് നിസംശയം പറയാം. ഏതാണ്ട് ആറു വർഷത്തോളം ഇരുവരും പ്രണയിക്കുകയുണ്ടായി. ഒരു ഫാൻ ഗേൾ ആയിട്ടാണ് പ്രിയ തന്നെ ആദ്യമായി കാണാൻ വന്നത് എന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞിട്ടുണ്ട്. പിന്നീട് ആ ബന്ധം സൗഹൃദത്തിലേക്ക് മാറുകയും അത് പ്രണയത്തിൽ എത്തിച്ചേരുകയും ചെയ്തു.
2005 ലാണ് ഇരുവരും വിവാഹിതരാകുന്നത്. കഴിഞ്ഞ വർഷം തങ്ങളുടെ പതിനാറാം വിവാഹ വാർഷികത്തിന് കുഞ്ചാക്കോ ബോബൻ ഹൃദയസ്പർശിയായ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. മികച്ച പ്രതികരണമാണ് അന്ന് ഇതിന് ആരാധകർക്കിടയിൽ നിന്ന് ലഭിച്ചത്. 2019 ലാണ് കുഞ്ചാക്കോ പ്രിയ ദമ്പതികൾക്ക് ഇസഹാക്ക് എന്ന മകൻ ജനിക്കുന്നത്. ഇപ്പോൾ തങ്ങളുടെ മകനെ ചുറ്റിപ്പറ്റിയാണ് ഇരുവരുടെയും ജീവിതം.