കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവത്തില്‍ സുരക്ഷാ ജീവനക്കാരിയെ സസ്പെന്‍ഡ് ചെയ്തു. ജാഗ്രതക്കുറവുണ്ടായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തില്‍ അന്വേഷണ സമിതികള്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
കുഞ്ഞിനെ എറണാകുളം കളമശേരി സ്വദേശിനി നീതുവാണ് തട്ടിയെടുത്തത്. ഗൈനക്കോളജി വാര്‍ഡില്‍ നഴ്സിന്റെ വേഷം ധരിച്ചെത്തിയായിരുന്നു നീതു കുഞ്ഞിനെ തട്ടിയെടുത്തത്. സംഭവത്തില്‍ ആശുപത്രിയുടെ ഭാഗത്തു നിന്ന് വന്‍ വീഴ്ചയാണ് ഉണ്ടായതെന്ന് ആരോപിച്ച് കുഞ്ഞിന്റെ ബന്ധുക്കള്‍ രംഗത്തുവന്നിരുന്നു.
കേസില്‍ പ്രതി നീതുവിനെ ഏറ്റുമാനൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിക്കെതിരെ ഐപിസി 419 ആള്‍മാറാട്ടം, 363 തട്ടിക്കൊണ്ട് പോകല്‍, 368 ഒളിപ്പിച്ചു വെക്കുല്‍, 370 കടത്തിക്കൊണ്ടു പോകല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രതിയെ ഇന്ന് കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കുട്ടിയെ വളര്‍ത്താന്‍ തന്നെയായിരുന്നു നീതുവിന്റെ ഉദ്ദേശമെന്നും പൊലീസ് പറയുന്നു.
തിരുവല്ല സ്വദേശിയായ നീതു കളമശേരിയിലെ ഇവന്റ് മാനേജ്മെന്റ് കമ്പനിയില്‍ ജീവനക്കാരിയായിരുന്നു. ടിക് ടോക്ക് വഴി പരിചയപ്പെട്ട ഇബ്രാഹിം ബാദുഷയുമായുള്ള ബന്ധം നിലനിര്‍ത്താന്‍ വേണ്ടിയായിരുന്നു നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയത്. ഇബ്രാഹിമായുള്ള ബന്ധത്തില്‍ ഗര്‍ഭിണിയായെങ്കിലും ഇത് അലസിയിരുന്നു. എന്നാല്‍ ഇക്കാര്യം മറച്ചുവച്ചു. തുടര്‍ന്ന് കുട്ടിയെ കാണിക്കുന്നതിനായിരുന്നു തട്ടിക്കൊണ്ടുപോകല്‍. ഇതിനായി ജനുവരി നാലിന് നീതു കോട്ടയം മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വാര്‍ഡില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു. ശിശുവിനെ മോഷ്ടിച്ച ശേഷം ഫോട്ടോ എടുത്ത് ഇബ്രാഹിമിന് അയച്ചു നല്‍കുകയും ചെയ്തിരുന്നു.