നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യയും നടിയുമായി കാവ്യ മാധവനെ ഇന്ന് ചോദ്യം ചെയ്യും. ആലുവയിലെ ദിലീപിന്റെ വീടായ പത്മസരോവരത്തില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍ ഉണ്ടാവുക. നേരത്തെ കാവ്യയെ എവിടെ വെച്ച് ചോദ്യം ചെയ്യണം എന്നത് സംബന്ധിച്ച ചര്‍ച്ച നടന്നിരുന്നു. വീട്ടില്‍ വെച്ച് ചോദ്യം ചെയ്താല്‍ മതിയെന്ന് കാവ്യ പറഞ്ഞെങ്കിലും അന്വേഷണ സംഘം അത് എതിര്‍ത്തു, പിന്നീട് സമ്മതിക്കുകയായിരുന്നു.
നിലവില്‍ ഈ തീരുമാനത്തിന് മാറ്റമില്ലെന്നും അന്വേഷണ സംഘം അറിയിച്ചു. ചോദ്യം ചെയ്യലില്‍ നിയമോപദേശം തേടിയില്ലെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ആലുവയിലുള്ള ദിലീപിന്റെ വീടായ പത്സമരോവരത്തില് ചോദ്യം ചെയ്യലിന് തയ്യാറാണെന്ന് കാവ്യ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു.
നാളെ ദിലീപിന്റെ സഹോദരന് അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ് എന്നിവരേയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നുണ്ട്. വെണ്ണലയിലെ സ്വന്തം വീട്ടില്‍ വെച്ചായിരുന്നു നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുന്‍പ് കാവ്യയെ ചോദ്യം ചെയ്തത്.
അതേസമയം കേസിലെ ഗൂഡാലോചനയില്‍ കാവ്യയുടെ പങ്ക് സൂചിപ്പിക്കുന്ന ശബ്ദരേഖ അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിനുള്ള സമയം നീട്ടണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷക്കൊപ്പമാണ് ഈ ശബ്ദരേഖ ഉള്‍പ്പടെ ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ സംഘം കോടതിയില്‍ നല്‍കിയത്.