മലയാളത്തിലെ താരപുത്രന്മാരില് ഏറേ ആരാധകരുള്ള താരമാണ് കാളിദാസ് ജയറാം. ബാലതാരമായി അഭിനയം ആരംഭിച്ച താരമിന്ന് നായക നടനാണ്. ബാലതാരമായി മലയാളത്തില്‍ തിളങ്ങാന്‍ സാധിച്ചുവെങ്കിലും മലയാളത്തില്‍ നായകനായി തിളങ്ങാന്‍ താരത്തിനായിട്ടില്ല.
കാളിദാസ് അഭിനയിച്ച മലയാള ചിത്രങ്ങള്‍ ഒന്നും തന്നെ വേണ്ട വിധം ശ്രദ്ധ നേടിയില്ല. എന്നാല്‍ തമിഴില്‍ താരം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. മികച്ച കഥാപാത്രങ്ങള്‍, മികച്ച പ്രകടനത്തോടെ താരം അവതരിപ്പിച്ചിരുന്നു.
തമിഴില്‍ നിരവധി ആരാധകര്‍ താരത്തിനുണ്ട്. നായക പ്രാധാന്യമുള്ള ചിത്രങ്ങളെക്കാള്‍ കണ്ടന്റുകള്‍ക്ക് പ്രധാനം കൊടുത്താണ് കാളിദാസ് തമിഴില്‍ ചിത്രങ്ങള്‍ ചെയ്യുന്നത്.
പാ രഞ്ജിത്ത് ചിത്രം നച്ചത്തിരം നഗര്‍ഗിരത് എന്ന സിനിമയാണ് കാളിദാസിന്റെതായി തമിഴില്‍ റിലീസ് ചെയ്ത പുതിയ ചിത്രം. സിനിമയും കാളിദാസിന്റെ പ്രകടനവും സിനിമ പ്രേമികളുടെ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിത അച്ഛന് ജയറാമിനെ കുറിച്ച് കാളിദാസ് പറഞ്ഞ കാര്യങ്ങളാണ് മലയാളികള്‍ക്ക് ഇടയില്‍ ശ്രദ്ധ നേടുന്നത്. താനൊരു സ്റ്റാര്‍ കിഡ് ആണ്. എന്നാല്‍ സ്റ്റാര്‍ കിഡ്സിന് ലഭിക്കുന്ന തരം ലോഞ്ചിങ്ങൊന്നും തനിക്ക് സിനിമയില്‍ ലഭിച്ചിട്ടില്ല.
അത്തരം കാര്യങ്ങളോന്നും ജയറാമിന് അറിയില്ല എന്നാണ് കാളിദാസ് പറയുന്നത്. ഒരു നാഷ്ണല്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു കാളിദാസ് ഇക്കാര്യം പറഞ്ഞത്.
ഹീറോ പരിവേഷമുള്ള കഥാപാത്രങ്ങള്‍ക്ക് വേണ്ടി ശ്രമിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ഉത്തരമായിട്ടാണ് കാളിദാസ് ഇക്കാര്യം പറഞ്ഞത്.
താരങ്ങളുടെ മക്കളുടെ കാര്യത്തില്‍ സാധാരണയായി സിനിമയിലേക്ക് ലോഞ്ചിങ് നടക്കാറുണ്ട്. അവര്‍ക്ക് വേണ്ടി പ്രോജക്ടുകള്‍ ഡിസൈന്‍ ചെയ്യാനും അവരെ പ്രത്യേക രീതിയില്‍ അവതരിപ്പിക്കാനുമൊക്കെ ആളുകളുണ്ടാകും.
പൊതു പരിപാടിക്ക് പോകുമ്പോള്‍ വരെ എങ്ങനെ വസ്ത്രം ധരിക്കണം എന്ന് തീരുമാനിക്കുന്നത് അവരായിരിക്കും. ആ രീതിക്ക് തീര്‍ച്ചയായും അതിന്റേതായ ഗുണങ്ങളുണ്ട്.എന്നാല്‍ ഭാഗ്യവശാല്‍ എന്റെ കാര്യത്തില്‍ അങ്ങനെയൊന്നുമുണ്ടായിട്ടില്ല.
എന്റെ ജീവിതത്തില്‍ തീരുമാനങ്ങളെടുക്കാനുള്ള അവസരം എനിക്ക് എപ്പോഴും ലഭിച്ചിരുന്നു. ഏറ്റവും വലിയ ഭാഗ്യമായി ഞാന്‍ കണക്കാക്കുന്നത് അക്കാര്യമാണ്. എനിക്ക് വേണ്ടി സിനിമകള്‍ നിര്‍മിക്കുമെന്ന് എന്റെ അച്ഛന് ഒരിക്കലും പറഞ്ഞിട്ടില്ല.
എന്നാല്‍ അദ്ദേഹത്തില്‍ നിന്നും അങ്ങനെയൊരു പിന്തുണ വേണമെന്നൊക്കെ എനിക്ക് തോന്നിയിട്ടുണ്ട് എന്നും കാളിദാസ് പറഞ്ഞു.പക്ഷെ അതുണ്ടായിട്ടില്ല.
ഒരു പിന്തുണയുടെയും പിന്‍ബലമില്ലാതെയാണ് അദ്ദേഹം സിനിമയിലേക്ക് കടന്നുവന്നത്, അതുകൊണ്ടായിരിക്കാം എന്റെ കാര്യത്തിലും ഇങ്ങനെ പ്രവര്‍ത്തിക്കുന്നത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.-കാളിദാസ് പറഞ്ഞു.
ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താണെന്നാല്‍ ഇത്തരം കാര്യങ്ങള്‍ അദ്ദേഹത്തിന് അറിയില്ല എന്നതാണ്. അദ്ദേഹം ഇന്‍ഡസ്ട്രിയില്‍ വന്നിട്ട് 35ലേറെ വര്‍ഷമായി. ചരടുവലികള്‍ നടത്താനൊന്നും ആള്‍ക്കറിയില്ല.
അങ്ങനെ കാര്യം നേടിയെടുക്കാന്‍ അറിഞ്ഞിരുന്നെങ്കില്‍ ഇന്നു കാണുന്നതിനേക്കാള്‍ എത്രയോ വലിയ നടനായി അദ്ദേഹം മാറിയേനെ എന്നും കാളിദാസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം കാളിദാസിന്റെ പരാമര്‍ശം ഫാന്‍ ഫൈറ്റിന് കാരണമായിട്ടുണ്ട്. ചരടുവലി നടത്തിയല്ല, അഭിനയം കൊണ്ടാണ് ഞങ്ങള്‍ ഇന്ന് കാണുന്ന നിലയില്‍ എത്തിയത് എന്നാണ് മറ്റ് സൂപ്പര്‍താരങ്ങളുടെ ആരാധകര്‍ പറയുന്നത്.