ലിജോ ജോസ് പെല്ലിശ്ശേരി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് മലൈക്കോട്ട വാലിബന്. രണ്ട് ലെജന്‍ഡുകള്‍ ഒന്നിക്കുന്ന ചിത്രമെന്ന നിലയ്ക്ക് വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി സിനിമ പ്രേമികള്‍ കാത്തിരിക്കുന്നത്.
അതുകൊണ്ട് തന്നെ ചിത്രത്തിന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിത ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്ന് അഭിനയിക്കുന്ന ബംഗാളി നടി കഥ നന്ദി തന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ്.
ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോടായിരുന്നു നടി തന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവച്ചത്. സ്വപനം യാഥാര്‍ത്ഥ്യമായ അനുഭവമാണ് വാലിബന് എന്നാണ് നടി പറയുന്നത്.
ആക്ഷന്‍ സീക്വന്‍സുകളാല്‍ സമ്പന്നമായ ചിത്രം ട്വിസ്റ്റുകള്‍ നിറഞ്ഞതാണെന്നും നടി പറഞ്ഞു.’സ്വപ്നം യാഥാര്‍ത്ഥ്യമായത് പോലെയാണ് മലൈക്കോട്ടൈ വാലിബന്. അങ്കമാലി ഡയറീസ് മുതല്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആരാധികയാണ് ഞാന്‍.
ഒരുപാട് ആക്ഷന്‍ സീക്വന്‍സുകളും ട്വിസ്റ്റുകളും ഉണ്ട് ചിത്രത്തില്‍. വളരെ ശക്തമായ സ്ത്രീകഥാപാത്രാണ് എന്റേത്. കഥ നടക്കുന്ന കാലഘട്ടത്തിലെ ഭാഷാശൈലിയും രീതികളും ഞാന്‍ പഠിച്ചെടുത്തു-എന്നാണ് നടി പറഞ്ഞത്.
മോഹന്‍ലാലിന് ഒപ്പമുള്ള അനുഭവവും നടി പങ്കുവച്ചു. മോഹന്‍ലാലിനെ ആദ്യമായി കണ്ടത് മറക്കാനാകാത്ത നിമിഷമാണ് എന്നാണ് നടി പറഞ്ഞത്. അദ്ദേഹത്തിന്റെ വിനയം എന്നെ അമ്പരപ്പിച്ചു. എല്ലാവരെയും കംഫര്‍ട്ടബിള്‍ ആക്കുന്ന വ്യക്തിയാണ് അദ്ദേഹം എന്നും നടി കൂട്ടിച്ചേര്‍ത്തു.
ഷൂട്ടിങ്ങിന്റെ തുടക്കത്തില്‍ ഞാന്‍ വളരെ പേടിച്ചിരുന്നു, എന്നാല്‍ സെറ്റ് രസകരവും അവിസ്മരണീയവുമാക്കാന്‍ മോഹന്‍ലാല്‍ സഹായിച്ചു-എന്നാണ് ലാലേട്ടനെ കുറിച്ച് കഥ പറയുന്നത്.
അല്ലെലും പെണ്‍കുട്ടികളെ ബഹുമാനിച്ച് കംഫര്‍ട്ടബിള്‍ ആക്കുന്ന വ്യക്തിയാണ് ലാലേട്ടന് എന്നാണ് ആരാധകര്‍ പറയുന്നത്.പി.എസ് റഫീക്കാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ഛായാഗ്രഹണം മധു നീലകണ്ഠന്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.