തിരുവനന്തപുരം: പിസി ജോര്‍ജ് ഭാഷയില്‍ മിതത്വം പാലിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. അനില്‍ ആന്റണിയെ അറിയാത്ത ആരും കേരളത്തില്‍ ഇല്ല എന്നും കെ സുരേന്ദ്രന് പറഞ്ഞു.
പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥിയായ അനില്‍ ആന്റണിക്കെതിരെ പിസി ജോര്‍ജ് പരസ്യപ്രതികരണം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് സുരേന്ദ്രന്റെ പ്രതികരണം.
‘ജോര്‍ജിനെതിരെ എന്തുണ്ടാകുമെന്ന് കാത്തിരുന്നു കാണാം. ഭാഷയില്‍ മിതത്വം പാലിക്കണമെന്ന് മാത്രമേ ഇപ്പോള്‍ പറയുന്നുള്ളൂ. പാര്‍ട്ടി എല്ലാം മനസിലാക്കുന്നു.
അനില്‍ ആന്റണിയെ അറിയാത്ത ആരും കേരളത്തില്‍ ഇല്ല. മികച്ച സ്ഥാനാര്‍ഥിയായ അദ്ദേഹം, വിജയിക്കും. പൊതു പ്രവര്‍ത്തകര്‍ സംസാരിക്കുമ്പോള്‍ മിതത്വം പാലിക്കണം.
ഏന്തെങ്കിലും ഫെയ്സ്ബുക്കിലൂടെ പറയുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. പിസി ജോര്‍ജ് ഇപ്പോള്‍ വന്നല്ലേയുള്ളൂ. നിലവില്‍ നടപടിയെടുത്തത് വര്‍ഷങ്ങളായി പാര്‍ട്ടിയിലുള്ളവര്‍ക്കു നേരെയാണ്’ കെ.സുരേന്ദ്രന് പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസമായിരുന്നു അനില്‍ ആന്റണിക്ക് എതിരെയും ബിഡിജെഎസിന് എതിരെയും പിസി ജോര്‍ജ് രംഗത്ത് വന്നത്.
പത്തു പേരെ നിര്‍ത്തി അനില്‍ ആന്റണി ആരാണെന്ന് ചോദിച്ചാല്‍ ആര്‍ക്കും മനസിലാവില്ലെന്നായിരുന്നു പി.സി.ജോര്‍ജിന്റെ പ്രതികരണം.
അനില്‍ ആന്റണിയെ ജനങ്ങള്‍ക്കു മുന്നില്പരിചയപ്പെടുത്തി കൊടുക്കേണ്ടത് ഗതികേട് തന്നെയാണ്. പാര്‍ട്ടി ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും പിന്തുണയ്ക്കും.
വെള്ളാപ്പള്ളിയൊക്കെ ഇത്രയും പ്രായമുള്ള മനുഷ്യനാണ്. ഇന്ന് പറയുന്നത് അദ്ദേഹം നാളെ പറയില്ല. നാളെ പറയുന്നത് നാളത്തെ കഴിഞ്ഞ് പറയില്ല. അപ്പോള്‍ അങ്ങേരെയൊന്നും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.
നമ്മുടെ ഒരു ചേട്ടന് നമ്മളോട് വൃത്തികേട് എന്തെങ്കിലും ചെയ്താല്‍ ക്ഷമിച്ചേക്കണം. അല്ലാതെ വെള്ളാപ്പള്ളിയോടൊന്നും മറുപടി പറയാന്‍ താനില്ല. എ.കെ.ആന്റണിയുടെ പിന്തുണ പോലും അനിലിന് ഇല്ലെന്നും പി.സി.ജോര്‍ജ് പറഞ്ഞിരുന്നു.