പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വീട്ടില്‍ രഹസ്യഗ്രൂപ്പ് യോഗം ചേരുന്നത് പരിശോധിക്കാന്‍ ആളെ അയച്ച് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്. ഇന്നലെ രാത്രിയാണ് സംഭവം. കെ. സുധാകരന്റെ നിര്‍ദേശ പ്രകാരം കെപിസിസി സംഘടനാ ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണനും സുധാകരന്റെ സെക്രട്ടറി വിപിന്‍ മോഹനുമാണ് കണ്ടോണ്മെന്റ് ഹൗസിലെത്തിയത്.
പ്രതിപക്ഷ നേതാവ് ഗ്രൂപ്പ് യോഗം നടത്തുവെന്ന വിവരം സ്ഥിരീകരിക്കാനായിരുന്നു സുധാകരന്റെ നീക്കം. സുധാകരന്റെ ദൂതന്മാര് എത്തിയപ്പോള്‍ പാലോട് രവി, വി.എസ് ശിവകുമാര്‍, കെ.പി ശ്രീകുമാര്‍, കെ.എസ് ശബരീനാഥന്, നെയ്യാറ്റിന്‍കര സനല്‍, വര്‍ക്കല കഹാര്‍ തുടങ്ങിയ നേതാക്കളുണ്ടായിരുന്നു. ടി.യു രാധാകൃഷ്ണനേയും വിപിന്‍ മോഹനേയും കണ്ടതോടെ നേതാക്കള്‍ പല വഴിക്ക് പിരിഞ്ഞതായാണ് വിവരം.
സംഭവം വിവാദമായതോടെ പ്രതികരിച്ച് വി. ഡി സതീശന് രംഗത്തെത്തി. പലരും കാണാന്‍ വരുമെന്നും അതെല്ലാം ഗ്രൂപ്പ് യോഗമല്ലെന്നും സതീശന് പറഞ്ഞു. സംഭവത്തില്‍ കെ.സുധാകരന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം.