പത്തനംതിട്ടയില്‍ പേവിഷബാധയേറ്റ് മരിച്ച അഭിരാമിയുടെ മുറിവ് കഴുകിയത് നായ കടിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞെന്ന് മുത്തച്ഛന്. മീഡിയവണ്‍ ചാനലിനോടായിരുന്നു കുട്ടിയുടെ മുത്തച്ഛന് പി.കെ ശശിയുടെ പ്രതികരണം. തെരുവുനായ കടിച്ച് പരുക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന റാന്നി പെരുനാട് സ്വദേശിനി അഭിരാമി കഴഞ്ഞ ദിവസമാണ് മരിച്ചത്. പതിമൂന്ന് വയസായിരുന്നു കുട്ടിയുടെ പ്രായം.
ഓഗസ്റ്റ് 13നാണ് അഭിരാമിക്ക് നായയുടെ കടിയേറ്റത്. അടുത്ത വീട്ടില്‍ പാല് വാങ്ങാന്‍ പോകുന്നതിനിടെയായിരുന്നു സംഭവം. കാലിലും കഴുത്തിലും മുഖത്തുമാണ് കുട്ടിക്ക് കടിയേറ്റത്. മുഖത്തേറ്റ പരുക്കില്‍ നിന്നും അണുബാധയേറ്റാണ് കുട്ടിയുടെ ആരോഗ്യനില ഗുരുതരമായത്.
ആദ്യം പ്രൈമറി ഹെല്‍ത്ത് സെന്ററിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂന്ന് ദിവസം വാക്സിന് സ്വീകരിച്ചു. മടങ്ങിയെത്തിയ ശേഷമാണ് കഴിഞ്ഞ വെള്ളിയാഴ്ച ആരോഗ്യനില ഗുരുതരമായത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ചികിത്സയ്ക്കായി അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു.
ചികിത്സാ പിഴവുണ്ടായെന്ന് കുടുംബം നേരത്തെയും ആരോപിച്ചിരുന്നു. കുട്ടിയെ പെരിനാട് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മതിയായ പ്രാഥമിക ചികിത്സ നല്‍കിയില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞിരുന്നു. പരിമിതികളുണ്ടെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞിരുന്നു.