മോഹൻലാൽ നായകനായി എത്തിയ ലൂസിഫറിന്റെ തെലുഗ് റീമേക് ആണ് ഗോഡ്ഫാദർ. ചിരഞ്ജീവി നായകനായി എത്തിയ ചിത്രം കഴിഞ്ഞ ദിവസം ആയിരുന്നു തിയേറ്ററിൽ എത്തിയത്.
ചിരഞ്ജീവിക്ക് ഒപ്പം സൽമാൻ ഖാൻ, നയൻതാര തുടങ്ങി വൻ താര നിരയുമായി എത്തിയ ചിത്രം മലയാളികളായ ചില പ്രേക്ഷകർക്ക് ദഹിച്ചില്ല.
വലിയ ട്രോളുകൾ ആയിരുന്നു ചിത്രത്തിന് നേരെ എത്തിയത്. വലിയ വിമർശനവും ഇവർ ഗോഡ്ഫാദറിന് നേരെ ഉന്നയിച്ചിരുന്നു.
ചിത്രത്തിന് നേരെ മലയാളികൾ ട്രോളുകൾ കൊണ്ട് എത്തുമ്പോഴും മറ്റ് ആരാധകർ ഗോഡ്ഫാദർ ഏറ്റെടുത്തിരിക്കുകയാണ് എന്നാണ് ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ പറയുന്നത്.
റിലീസ് ചെയ്ത രണ്ട് ദിവസം കൊണ്ട് 69 കോടി ചിത്രം നേടിയിരിക്കുകയാണ്. ചിരഞ്ജീവിയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രം വിജയിപ്പിച്ചതിനു നന്ദി പറഞ്ഞ് എത്തിയ സോഷ്യൽ മീഡിയ പോസ്റ്റിലാണ് ചിത്രം 69 കോടി നേടിയ കാര്യം ചിരഞ്ജീവി അറിയിച്ചത്.
‘ഞങ്ങളുടെ ചിത്രം ഗോഡ്ഫാദറിന് നിങ്ങൾ നൽകുന്ന സ്നേഹത്തിന് നന്ദി. രണ്ട് ദിവസങ്ങൾ കൊണ്ട് ചിത്രം 69 കോടി നേടി. ഹിന്ദി ബെൽറ്റിൽ കൂടുതൽ ക്രെഡിറ്റുകൾ ചേർത്തിട്ടുണ്ടെന്ന് ഞാൻ അറിഞ്ഞു. നിങ്ങൾ ഇതൊരു പാൻ ഇന്ത്യൻ സിനിമയാക്കി. തെക്കും വടക്കും കിഴക്കും പടിഞ്ഞാറുമുള്ള എന്റെ ആരാധകർക്ക് നന്ദി പറയുന്നു. ജയ് ഹിന്ദ്’, എന്നായിരുന്നു ചിരഞ്ജീവിയുടെ വാക്കുകൾ.
ചിത്രത്തിന്റെ കളക്ഷനിൽ മോഹൻലാലിനെ ഉടൻ തന്നെ ചിരഞ്ജീവി മറികടക്കും എന്നാണ് സിനിമ പ്രേക്ഷകർ പറയുന്നത്.
പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ബ്ലോക് ബസ്റ്റർ ചിത്രമാണ് ലൂസിഫർ. എട്ട് ദിവസം കൊണ്ട് ആണ് ചിത്രം 100 കോടി നേടിയത്.
ഏറ്റവും വേഗത്തിൽ 100 കോടി ക്ലബ്ബിൽ ഇടം നേടിയ മലയാള ചിത്രമായിരുന്നു ലൂസിഫർ. മോഹൻലാൽ നേടിയ ഈ നേട്ടം മൂന്നു ദിവസം കൊണ്ട് തന്നെ ചിരഞ്ജീവി മറികടക്കും എന്നാണ് ചിരഞ്ജീവി ആരാധകർ പറയുന്നത്.