ജാതി ചോദിക്കാതെയും പറയാതെയും ഒരുമിച്ച് സഹോദരങ്ങളായി ജീവിക്കുന്ന രാജ്യം ആകണം ഇന്ത്യ എന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. കൊല്ലത്ത് റിപ്പബ്ലിക് ദിന പരേഡ് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാതിപത്യം ഇതുവരെയും കാത്ത് സൂക്ഷിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. അയല്‍രാജ്യങ്ങളില്‍ പോലും ജനാതിപത്യം ഇല്ലാതായി. എന്നിട്ടും ഇന്ത്യ ഇത്രയും നാള് മതേതരത്വം കാത്തുസൂക്ഷിച്ചു.
ഭരണഘടന ആണ് ഇന്ത്യയുടെ ശക്തി. മതേതരത്വം എന്ന അടിസ്ഥാന തത്വത്തില്‍ കെട്ടിപ്പൊക്കിയതാണ് രാജ്യം എന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
ഭരണഘടന വ്യകതി താല്പര്യങ്ങള്ക്കോ സ്വാര്‍ത്ഥ താല്പര്യങ്ങള്ക്കോ വേണ്ടി ഉപയോഗിക്കേണ്ടതല്ല എന്നും മന്ത്രി പ്രസംഗത്തില്‍ പറഞ്ഞു.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ദേശീയ പതാക ഉയര്‍ത്തിയതോടെയാണ് സംസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷത്തിന് തുടക്കമായത്.
മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാര്‍, സംസ്ഥാന പൊലീസ് മേധാവി, ജില്ലാ കളക്ടര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
എന്നാല്‍ ഗവര്‍ണറുടെ റിപബ്ലിക് ദിന സല്‍ക്കാരം മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്കരിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും വിരുന്നില്‍ പങ്കെടുക്കുന്നില്ല. 6.30 നാണ് രാജ്ഭവനില്‍ അറ്റ് ഹോം സംഘടിപ്പിച്ചത്.
ഇതുവരെയും വിരുന്നില്‍ മന്ത്രിമാരും മുഖ്യമന്ത്രിയും എത്തിയിട്ടില്ല. ഉദ്യോഗസ്ഥര്‍ മാത്രമാണ് പങ്കെടുക്കുന്നത്. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് മുറുകുന്നു എന്ന സൂചനയാണ് ഇത് നല്‍കുന്നത്.