കോഴിക്കോട് കോര്പ്പറേഷന് പരിധിയില്‍ ഉപ്പും വിനാഗിരിയും ചേര്‍ത്ത് തയ്യാറാക്കുന്ന പഴം, പച്ചക്കറി മുതലായവ വില്‍ക്കുന്നത് തടഞ്ഞു. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ താത്ക്കാലികമായി ഇത്തരം ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തരുതെന്ന് സെക്രട്ടറി ഉത്തരവിട്ടു.
കോഴിക്കോട് മുനിസിപ്പല്‍ കോര്പ്പറേഷന് പരിധിയില്‍പ്പെടുന്ന ബീച്ചില്‍വച്ച് ഉപ്പിലിട്ട ഭക്ഷണസാധനങ്ങള്‍ കഴിച്ച് കഴിഞ്ഞ ദിവസം കാസര്‍ഗോഡ് സ്വദേശിക്ക് പൊള്ളലേറ്റിരുന്നു. തുടര്‍ന്ന് കോര്പ്പറേഷന് ആരോഗ്യ വിഭാഗം വ്യാഴാഴ്ച നടത്തിയ പരിശോധനയില്‍ ഗ്ലേഷ്യല്‍ അസറ്റിക് ആസിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു.
ഇത്തരത്തിലുള്ള ഭക്ഷണ സാധനങ്ങള്‍ കഴിച്ചതുമൂലം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് വില്പന തടഞ്ഞിരിക്കുന്നത്.
കോഴിക്കോട് ബീച്ചിലെ തട്ടുകടയില്‍ നിന്ന് വെള്ളമാണെന്നു കരുതി അബദ്ധത്തില്‍ രാസലായിനി കഴിച്ച വിദ്യാര്‍ത്ഥിക്ക് കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ വന്നിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബീച്ചിലെ തട്ടുകടകളില്‍ നിന്ന് ഗ്ലേഷ്യല്‍ അസറ്റിക് ആസിഡ് സൂക്ഷിച്ച കന്നാസുകള്‍ പിടിച്ചെടുത്തിരുന്നു.