തന്റെ ശബ്ദത്തില്‍ ഫോണില്‍ വിളിച്ച് പറ്റിക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി നടന് ബാബു ആന്റണി. അത്തരത്തില്‍ വഞ്ചിതരായ ഒരു കുടുംബം തനിക്കയച്ച മെയിലിന്റെ സ്ക്രീന്‍ഷോട്ട് പങ്കുവച്ചുകൊണ്ടാണ് നടന് മുന്നറിയിപ്പ് നല്‍കുന്നത്. മിക്ക മിമിക്രി കലാകാരന്മാരും അനുകരിക്കുന്ന ശബ്ദത്തില്‍ നിന്ന് തന്റെ ശബ്ദം തികച്ചും വ്യത്യസ്തമാണെന്നും വ്യാജന്മാരില് വഞ്ചിതരാകരുതെന്നും ബാബു ആന്റണി പറഞ്ഞു.
ബാബു ആന്റണിയുടെ കടുത്ത ആരാധകനായ ഒരു വ്യക്തിയുടെ മകനാണ് നടന് മെയില്‍ അയച്ചത്. ബാബു ആന്റണിയുടെ ആരാധകനായ അച്ഛന് ഫേസ്ബുക്കില്‍ നിന്നാണ് ഒരു നമ്പര്‍ ലഭിച്ചതെന്നും ഫോണ്‍ വിളിച്ചെങ്കിലും എടുത്തില്ലെന്നും മെയിലില്‍ പറയുന്നു. തുടര്‍ന്ന് വാട്സ്ആപ്പില്‍ മെസേജ് അയച്ചപ്പോള്‍ റിപ്ലേ ലഭിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷമായി ബാബു ആന്റണി ആണെന്നു പറഞ്ഞു പറ്റിക്കുകയാണ്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് കാണാനുള്ള താത്പര്യം പ്രകടിപ്പിച്ചപ്പോള്‍ പൊന്‍കുന്നത്ത് വരാന്‍ പറഞ്ഞു. മണിക്കൂറുകളോളം കാത്തു നിന്നിട്ടും വരാതെയിരുന്നതോടെയാണ് വഞ്ചിക്കപ്പെട്ടതായി ഇവര്‍ തിരിച്ചറിഞ്ഞതെന്നും മെയില്‍ അയച്ച ആള് പറയുന്നു. തുടര്‍ന്നാണ് ബാബു ആന്റണി മുന്നറിയിപ്പ് നല്‍കിയത്.
മിക്ക മിമിക്രി കലാകാരന്മാരും അനുകരിക്കുന്ന ശബ്ദത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് തന്റെ ശബ്ദമെന്നും ഈയിടെ പങ്കെടുത്തൊരു ടിവി ഷോയില്‍ വ്യക്തമാക്കിയതാണെന്നും ബാബു ആന്റണി പറഞ്ഞു. ജാക്സണ് എന്ന കഥാപാത്രത്തിന് വേണ്ടി സൃഷ്ടിച്ച ‘നാടോടി’ എന്ന സിനിമയില്‍ നിന്നാണ് അവര്‍ തന്റെ ശബ്ദം കൂടുതലായി അനുകരിക്കുന്നത്. യഥാര്‍ത്ഥ ജീവിതത്തില്‍ ജാക്സനെപ്പോലെ താന്‍ ചിരിക്കുക പോലും ചെയ്യാറില്ലെന്നും ബാബു ആന്റണി ഫേസ്ബുക്കില്‍ കുറിച്ചു.