മാധ്യമപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്ത കേസില്‍ ബോളിവുഡ് നടന് സല്മാന് ഖാന് കോടതി നോട്ടിസയച്ചു. ഏപ്രില്‍ അഞ്ചിന് കോടതിയില്‍ നേരിട്ട് ഹാജരാകാനാണ് അന്ധേരി മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. ഐ.പി.സി 504, 506 എന്നീ വകുപ്പുകളാണ് താരത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
2019 ഏപ്രില്‍ 24 നാണ് കേസിനാപ്ദമായ സംഭവം. പുലര്‍ച്ചെ രണ്ട് അംഗരക്ഷകരുടെ അകമ്പടിയോടെ സല്മാന് ഖാന് സൈക്കിളില്‍ പോകുമ്പോഴാണ് കയ്യേറ്റം നടന്നതെന്നാണ് മാധ്യമപ്രവര്ത്തകന് അശോക് പാണ്ഡെ പരാതിയില്‍ പറയുന്നത്. സൈക്കിള്‍ പ്രേമിയായ സല്‍മാന്റെ വിഡിയോ പകര്‍ത്താന്‍ ശ്രമിക്കവെയായിരുന്നു സംഭവം. കാറില്‍ സഞ്ചരിച്ചിരുന്ന തന്നെ വലിച്ച് പുറത്തേക്കിട്ടാണ് അംഗരക്ഷകര്‍ മര്‍ദിച്ചത്. സല്മാന് ഖാന് ആക്രമിച്ചെന്നും മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തെന്നും അശോക് പാണ്ഡെ പരാതിയില്‍ പറയുന്നു.
വീഡിയോ പകര്‍ത്തുന്നതിന് മുമ്പ് താരത്തിന്റെ സമ്മതം ചോദിച്ചതായും അശോക് പാണ്ഡെ വ്യക്തമാക്കുന്നുണ്ട്. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് സല്മാന് ഖാന് ഭീഷണിപ്പെടുത്തി. പൊലീസില്‍ നല്കിയ പരാതി ഒതുക്കാന്‍ ശ്രമിച്ചതിനാലാണ് കോടതിയെ സമീപിച്ചതെന്നും മാധ്യമപ്രവര്ത്തകന് പറയുന്നു.