തമിഴ്നാട്ടില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവള്ളൂര്‍ ജില്ലയിലെ കിളച്ചേരിയിലാണ് സംഭവം. സേക്രട്ട് ഹാര്‍ട്ട് സ്കൂളിലെ വിദ്യാര്‍ത്ഥിനി സരളയാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവള്ളൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു. പെണ്‍കുട്ടിയുടെ ഗ്രാമായ തിരുട്ടണിയില്‍ നാട്ടുകാരും ഹോസ്റ്റലിലെ മറ്റ് വിദ്യാര്‍ഥികളുടെ മാതാപിതാക്കളും പ്രതിഷേധിച്ചു. കൂടുതല്‍ പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ സ്ഥലത്ത് വന്‍ പൊലീസ് സന്നാഹത്തെ നിയോഗിച്ചു. പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ ക്രൈംബ്രാഞ്ചും സിബിസിഐഡിയും അന്വേഷണം ആരംഭിച്ചു.
രണ്ടാഴ്ച മുന്‍പാണ് തമിഴ്നാട് കള്ളക്കുറിച്ചിയില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത്. കണിമയൂര്‍ ശക്തി മെട്രിക്കുലേഷന്‍ സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ജീവനൊടക്കിയത്. സ്കൂളിലെ അധ്യാപകര്‍ക്കെതിരെ കുറിപ്പെഴുതിവച്ചായിരുന്നു ആത്മഹത്യ. ആരോപണ വിധേയരായ അധ്യാപകര്‍ക്കും സ്കൂള്‍ മാനേജ്മെന്റിനുമെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പേരാണ് തെരുവിലിറങ്ങിയത്. കുറ്റാരോപിതരെ അറസ്റ്റ് ചെയ്യണമെന്നും കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.