ആലപ്പുഴയിലെ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. സിവില്‍ പൊലീസ് ഓഫിസര്‍ റെനീസിനെയാണ് അറസ്റ്റ് ചെയ്തത്. സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകളാണ് റെനീസിനെതിരെ ചുമത്തിയത്.
ആലപ്പുഴയിലെ എ.ആര് ക്യാമ്പ് ക്വാര്‍ട്ടേഴ്സില്‍ ഇന്നലെയാണ് റെനീസിന്റെ ഭാര്യ നജ്ലയെയും മക്കളെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. മകന് ടിപ്പു സുല്‍ത്താനെ ശ്വാസം മുട്ടിച്ചും ഒന്നര വയസുകാരിയായ മകള്‍ മലാലയെ ബക്കറ്റില്‍ മുക്കിയും കൊലപ്പെടുത്തിയ ശേഷം നജ്ല തൂങ്ങിമരിക്കുകയായിരുന്നു.
സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് റെനീസ് നജ്ലയെ ശാരീരികമായി ഉപദ്രവിച്ചിരുന്നതായി സഹോദരി നഫ്ല ആരോപിച്ചിരുന്നു. നജ്ലയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. മറ്റൊരു സ്ത്രീയുമായുള്ള റെനീസിന്റെ ബന്ധം ചോദ്യംചെയ്തപ്പോള്‍ ക്രൂരമായി മര്‍ദിച്ചുവെന്നും സഹോദരി ആരോപിച്ചു. റെനീസ് പൊലീസ് ഉദ്യോഗസ്ഥനായതിനാല്‍ അന്വേഷണം ശരിയായ രീതിയില്‍ നടക്കുമോയെന്ന ആശങ്ക കുടുംബം പങ്കുവച്ചിരുന്നു.