ഭൂമി വില്ക്കാന് ഭാഗ്യ പരീക്ഷണവുമായി ദമ്പതികള്‍. നാല് വര്‍ഷം തുടര്‍ച്ചയായി ശ്രമിച്ചിട്ടും ഭൂമി വില്ക്കാനാകാതെ വന്നതോടെയാണ് തൃശൂര്‍ പുതുക്കാട് സ്വദേശിയായ മുജി തോമസും ഭാര്യ ബൈസിയും ഭാഗ്യ പരീക്ഷണവുമായി ഇറങ്ങിയത്. ലക്ഷങ്ങള്‍ വില വരുന്ന തങ്ങളുടെ 68 സെന്റ് സ്ഥലം നറുക്കെടുപ്പിന് വച്ചിരിക്കുകയാണ് ഇവര്‍.
ഭാഗ്യ പരീക്ഷണത്തിന് ആയിരം രൂപയാണ് ചിലവ്. ആയിരം മുടക്കി ഒരു സമ്മാന കൂപ്പണ്‍ എടുക്കുക. നിശ്ചിത ദിവസത്തിന് ശേഷം ഒരാളെ നറുക്കെടുത്ത് അയാള്‍ക്ക് ഈ ഭൂമി നല്‍കും. അങ്ങനെ ഒരു ഭാഗ്യ ശാലിക്ക് തങ്ങളുടെ 68 സെന്റ് സ്ഥലം വെറും ആയിരം രൂപയ്ക്ക് സ്വന്തമാക്കാമെന്നാണ് ഇവര്‍ പറയുന്നത്.
കടബാധ്യതകള്‍ തീര്‍ക്കാനും മകന്റെ പഠനചെലവിനുമായാണ് ഭൂമി വില്ക്കാന് ഇവര്‍ തീരുമാനിച്ചത്. കൊവിഡ് കാലത്ത് ഭൂമി കച്ചവടം തന്നെ മന്ദഗതിയിലായതോടെ വില്പന നടക്കാതായി. ചിലര്‍ ഭൂമി വാങ്ങാന്‍ താത്പര്യം കാണിച്ചെങ്കിലും ന്യായ വിലപോലും നല്കാന് താത്പര്യം കാണിച്ചില്ലെന്ന് ഇവര്‍ പറയുന്നു. അങ്ങനെ ഇരിക്കയാണ് കൂപ്പണ്‍ വച്ചുള്ള നറുക്കെടുപ്പെന്ന ആശയം ഉദിച്ചത്. വക്കീലിനോട് ഇക്കാര്യം അറിയിച്ചപ്പോള്‍ നികുതിയടക്കമുള്ള നിയമവശങ്ങള്‍ പറഞ്ഞു തന്നു. പിന്നീട് വില്ലേജ് ഓഫിസ് അധികൃതരെ അറിയിച്ച് മുന്നോട്ട് പോവുകയായിരുന്നു.
ഓഗസ്റ്റ് 15നാണ് നറുക്കെടുപ്പ്. നായരങ്ങാടിയിലെ, ഇവരുടെ തന്നെ ഉടമസ്ഥതയിലുള്ള മരിയ ഗാര്മെന്റ്സില് വച്ച് നറുക്കെടുപ്പ് നടത്താനാണ് തീരുമാനം. നറുക്കെടുപ്പില്‍ ഭൂമി ലഭിക്കുന്നയാള്‍ രജിസ്ട്രേഷന് ചെലവുകള്‍ വഹിക്കണം. എന്തെങ്കിലും രീതിയിലുള്ള തടസം നേരിട്ടാല്‍ കൂപ്പണ്‍ തുക തിരിച്ചു നല്‍കുമെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്.