പാമ്പുകളെ ആരാധിക്കുകയും ദൈവമായി കാണുന്നവരുമുണ്ട്. അങ്ങനെ പാമ്പുകളെ ആരാധിക്കുന്ന ഒരു വിശേഷ ദിവസമുണ്ട്, നാഗപഞ്ചമി. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വരുന്ന ആ ദിനത്തില്‍ നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും ആളുകള്‍ പ്രാര്‍ത്ഥനകള്‍ക്കായി ഒത്തുകൂടുന്നു. ബിഹാറിലെ സമസ്തിപൂരിലും ആളുകള്‍ നാഗപഞ്ചമി ആഘോഷമാക്കുന്നു. എന്നാല്‍, പൂജയും പ്രാര്‍ത്ഥനയും മാത്രമല്ല അന്ന് അവിടെ കാണാന്‍ സാധിക്കുക. ആളുകള്‍ കൈകളിലും, കഴുത്തിലും ഒക്കെ പാമ്പുകളെ ചുറ്റി നടത്തുന്നതാണ് അവിടത്തെ പ്രധാന കാഴ്ച.
എല്ലാ വര്‍ഷവും ജൂലൈയിലോ, ഓഗസ്റ്റിലോ ആണ് നാഗപഞ്ചമി വരുന്നത്. നൂറുകണക്കിന് ഭക്തരാണ് ഈ ചടങ്ങില്‍ പങ്കെടുക്കുന്നത്. അവരുടെ ഒക്കെ കൈകളില്‍ പാമ്പുകളും കാണും. ഒരു കളിപ്പാട്ടത്തെ കൈകാര്യം ചെയ്യുന്നത്ര അനായാസമായാണ് അവര്‍ ഈ പാമ്പുകളെയും കൊണ്ട് തെരുവില്‍ പ്രകടനം നടത്തുന്നത്.
നാഗപഞ്ചമി സമയം നാഗങ്ങളെ ആരാധിക്കുകയും പാലും മധുരപലഹാരങ്ങളും പൂക്കളും സമര്‍പ്പിക്കുകയും ചെയ്യുന്നു. പാമ്പുകളില്‍ നിന്ന് അനുഗ്രഹം സ്വീകരിക്കാന്‍ നിരവധി ഭക്തരാണ് ആ സമയം അവിടേയ്ക്ക് ഒഴുകി എത്തുന്നത്. ഏകദേശം മൂന്നൂറുവര്ഷത്തെ പഴക്കമുണ്ട് ഈ പാരമ്പര്യത്തിന്. പാമ്പുകളെ വച്ചുള്ള ഈ അഭ്യാസപ്രകടനങ്ങള്‍ കാണാന്‍ വഴിയരികില്‍ ആളുകള്‍ കൗതുകത്തോടെ നില്പുണ്ടാവും.
സാധാരണയായി ആഘോഷങ്ങളില്‍ പങ്കെടുപ്പിക്കാനുള്ള പാമ്പുകളെ രണ്ടാഴ്ച മുന്‍പേ പിടികൂടും. ഈ പാമ്പുകളെ അവയുടെ മാളങ്ങളില്‍ നിന്ന് വടികള്‍ ഉപയോഗിച്ച് പുറത്തെടുത്ത് ഒരു കൂടയില്‍ സൂക്ഷിക്കുന്നു. പിന്നെ നാഗപഞ്ചമി ദിവസം ആദ്യം പാമ്പിനെ കൂട്ടി സിംഹിയ ബസാറില്‍ സ്ഥിതി ചെയ്യുന്ന മാ ഭഗവതി ക്ഷേത്രത്തില്‍ പോയി ഭക്തര്‍ പ്രാര്‍ത്ഥിക്കുന്നു. തുടര്‍ന്ന് ഗണ്ഡക് നദിയിലേക്ക് ഘോഷയാത്ര നടത്തുന്നു. ഇതിന് ശേഷം പാമ്പുകളുമായി നദിയില്‍ മുങ്ങി നിവരുന്നു. ചടങ്ങുകള്‍ക്ക് ശേഷം പാമ്പുകളെ സുരക്ഷിതമായ സ്ഥലത്ത് തുറന്നുവിടുകയും ചെയ്യും.