നിരവധി മികച്ച ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ഭദ്രന്. എന്നാല്‍ ഭദ്രന് എന്ന സംവിധായകന് ഇന്നും അറിയപ്പെടുന്നത് സ്ഫടികം എന്ന ചിത്രത്തിലൂടെയാണ്.
മോഹന്‍ലാല്‍ ആടുതോമയായി എത്തി ഭദ്രന് സംവിധാനം ചെയ്ത ചിത്രത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്. മലയാള സിനിമ ഉള്ളിടത്തോളം കാലം മോഹന്‍ലാലിന്റെ ആടുതോമ എന്ന കഥാപാത്രം മലയാളികള്‍ മറക്കില്ല.
ചിത്രത്തിനും തോമാച്ചായനും വലിയൊരു ഫാന്‍ ബേസ് തന്നെയുണ്ട്. ഇപ്പോഴിത സിനിമയിലെ മോഹന്‍ലാലിന്റെ അഭിനയത്തെ കുറിച്ച് ഭദ്രന് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
സ്ഫടികം മോഹന്‍ലാലിനെ മാത്രം മനസ്സില്‍ കണ്ട് ചെയ്ത സിനിമയാണെന്നാണ് സംവിധായകന് പറയുന്നത്. മോഹന്‍ലാലിന്റെ ആടു തോമയായുള്ള പെര്‍ഫോമന്‍സ് തന്നെയാണ് സിനിമയുടെ വിജയവും എന്നും ഭദ്രന് പറഞ്ഞു.
സ്ഫടികത്തിന്റെ ആദ്യ വാക്ക് എഴുതിയത് മുതല്‍ ലാല്‍ തന്നെയായിരുന്നു എന്റെ മനസിലെ ആട് തോമ.ചാക്കോ മാഷ് തിലകന് ചേട്ടനായിരിക്കണമെന്നും നിര്‍ബന്ധമുണ്ടായിരുന്നു.
അങ്ങനെ ഒരു കാര്യം മനസില്‍ കണ്ടുകൊണ്ട് തന്നെയാണ് ആ സിനിമ എഴുതിയത്, ഭദ്രന് പറഞ്ഞു. ആട് തോമയെ മമ്മൂട്ടി ചെയ്താലോ എന്ന് ചോദിച്ചാല്‍ നോ എന്നായിരിക്കും എന്റെ മറുപടി.
സ്ഫടികത്തില്‍ മോഹന്‍ലാല്‍ ചെയ്തത് പോലെ സ്റ്റണ്ട് മമ്മൂട്ടിക്ക് ചെയ്യാന്‍ പറ്റില്ലെന്നും ഭദ്രന് പറഞ്ഞു. മോഹന്‍ലാലിനുള്ള മെയ് വഴക്കം മമ്മൂട്ടിക്കില്ല. ആക്ഷന്‍ ചെയ്യുന്നതില്‍ മോഹന്‍ലാലിനോളം മെയ് വഴക്കമുള്ളവര്‍ അന്നുമില്ല, ഇന്നുമില്ല. ഇനിയുണ്ടാകുമെന്നും എനിക്ക് തോന്നുന്നില്ലെന്നും ഭദ്രന് പറഞ്ഞു.
ഇന്ന് എല്ലാ ടെക്നോളജിക്കല്‍ സപ്പോര്‍ട്ടുമുണ്ട്. അന്ന് അതില്ലാത്ത കാലത്താണ് മോഹന്‍ലാല്‍ ഇക്കണ്ട പണിയെല്ലാം അതിനകത്ത് കാണിച്ച് വെച്ചിരിക്കുന്നത്. അത് മമ്മൂട്ടിയെ കൊണ്ട് ചെയ്യാന്‍ പറ്റില്ലെന്നും ഭദ്രന് പറയുന്നു.