പട്ടാളക്കാരന്റെ മുതുകില്‍ പിഎഫ്ഐ പച്ച കുത്തിയെന്ന് ദേശീയ തലത്തില്‍ പ്രചരിപ്പിക്കുന്നതിലും കേരളത്തെക്കുറിച്ച് വളരെ അപകടകരമായ ഒരു ഇമേജ് സൃഷ്ടിക്കുന്നതിലും മുന്‍പന്തിയില്‍ നിന്നത് അനില്‍ ആന്റണിയാണെന്ന് മാധ്യമ പ്രവര്ത്തകന് ബഷീര്‍ വള്ളിക്കുന്ന്.
ഇന്നലെ എ എന്‍ ഐ യോട് അദ്ദേഹം പറഞ്ഞത് കേരളത്തില്‍ ഇസ്ലാമിക ഭീകരര്‍ അഴിഞ്ഞാടുകയാണ് എന്നാണ്. എന്നാല്‍ ആ വാര്‍ത്ത കെട്ടിച്ചമച്ചതാണെന്ന് അറിഞ്ഞിട്ടും ഒരു തിരുത്ത് പോലും അയാള്‍ കൊടുത്തില്ല എന്നതാണ് ശ്രദ്ധിക്കേണ്ടത്.
ശശികല പോലും പറയാന്‍ മടിക്കുന്ന രൂപത്തിലുള്ള കള്ളപ്രചാരങ്ങള്ക്കാണ് എഐസിസിയുടെ തലപ്പത്തിരിക്കുന്ന ഒരു നേതാവിന്റെ മകന് നേതൃത്വം കൊടുക്കുന്നത് എന്നോര്‍ക്കണം എന്നും ബഷീര്‍ വള്ളിക്കുന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
പോസ്റ്റിങ്ങനെ-
പട്ടാളക്കാരന്റെ മുതുകില്‍ പിഎഫ്ഐ പച്ച കുത്തിയെന്ന് ദേശീയ തലത്തില്‍ പ്രചരിപ്പിക്കുന്നതിലും കേരളത്തെക്കുറിച്ച് വളരെ അപകടകരമായ ഒരു ഇമേജ് സൃഷ്ടിക്കുന്നതിലും മുന്‍പന്തിയില്‍ നിന്നത് അനില്‍ ആന്റണിയാണ്.
ഇന്നലെ എ എന്‍ ഐ യോട് അദ്ദേഹം പറഞ്ഞത് കേരളത്തില്‍ ഇസ്ലാമിക ഭീകരര്‍ അഴിഞ്ഞാടുകയാണ് എന്നാണ്. ഇസ്ലാമിക ഭീകരരുടെ ഒരാള്‍ക്കൂട്ടം ഒരു സൈനികനെ ആക്രമിക്കുകയും അയാളുടെ മുതുകില്‍ പി എഫ് ഐ എന്ന് എഴുതുകയും ചെയ്തു,
സി പി എമ്മിലേയും കോണ്‍ഗ്രസ്സിലേയും ഒരു നേതാവ് പോലും ഈ ആക്രത്തിനെതിരെ ശബ്ദിച്ചില്ല തുടങ്ങി അത്യധികം അപകടകരമായ സ്റ്റേറ്റ്മെന്റാണ് അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്. എന്നിട്ടത് ട്വിറ്ററില്‍ പങ്ക് വെക്കുകയും ചെയ്തു. 91സ വ്യൂസ് ആണ് ഈ വീഡിയോക്ക് ഇപ്പോഴുളളത്. അത്രയധികം പേരിലേക്ക് അത് എത്തുകയും ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തു എന്നര്‍ത്ഥം.
എന്നാല്‍ ആ വാര്‍ത്ത കെട്ടിച്ചമച്ചതാണെന്ന് അറിഞ്ഞിട്ടും ഒരു തിരുത്ത് പോലും അയാള്‍ കൊടുത്തില്ല എന്നതാണ് ശ്രദ്ധിക്കേണ്ടത്. ട്വിറ്ററില്‍ ഒരു വരി പോലും കുറിച്ചില്ല. കാരണം ആ കള്ളപ്രചാരണം ഓടുന്നിടത്തൊക്കെ ഓടട്ടെ എന്നാണ് അയാള്‍ കരുതുന്നത്.
ശശികല പോലും പറയാന്‍ മടിക്കുന്ന രൂപത്തിലുള്ള കള്ളപ്രചാരങ്ങള്ക്കാണ് എഐസിസിയുടെ തലപ്പത്തിരിക്കുന്ന ഒരു നേതാവിന്റെ മകന് നേതൃത്വം കൊടുക്കുന്നത് എന്നോര്‍ക്കണം. വീട്ടില്‍ രാഷ്ട്രീയം പറയുന്നതിന് എ കെ ആന്റണി നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഭാര്യ പറഞ്ഞിട്ടുണ്ട്. വീട്ടില്‍ പറയേണ്ട, ഇതുപോലെ വിഷപ്രചാരണങ്ങള്‍ക്ക് മകന് നേതൃത്വം കൊടുക്കുമ്പോള്‍ ഇത്തിരി നൈതികതയും ഉത്തരവാദിത്വബോധവുമുളള ഒരു പിതാവ് എന്താണ് ചെയ്യേണ്ടത്.
നീ ഏത് രാഷ്ട്രീയത്തിലും പ്രവര്‍ത്തിച്ചു കൊള്ളൂ, അത് നിന്റെ സ്വാതന്ത്ര്യം, പക്ഷേ കള്ളക്കഥള്‍ പ്രചരിപ്പിച്ച് സമൂഹത്തില്‍ വിഷം കലക്കുന്നതിന് നീ നേതൃത്വം നല്‍കരുത് എന്നെങ്കിലും ഉപദേശിക്കാന്‍ വായ തുറക്കണ്ടേ..
എങ്ങിനെ വായ തുറക്കും?..
ന്യൂനപക്ഷങ്ങള്‍ സമ്മര്‍ദ്ദങ്ങളിലൂടെ അനര്‍ഹമായത് നേടിയെടുക്കുന്നു എന്ന തിയറിയുടെ ഉപജ്ഞാതാവല്ലേ, ന്യൂനപക്ഷങ്ങളുടെ ഭീകരത കേരളത്തില്‍ തുടരുന്നു എന്ന് മകന് പറയുമ്പോള്‍ അവന് ലഭിക്കാനിരിക്കുന്ന സ്ഥാനമാനങ്ങളും സ്റ്റേറ്റ് കാറും സ്വപ്നം കണ്ടു കിടന്നുറങ്ങുന്നുണ്ടാകും.
ഐ ഐ സി സി സമ്മേളനത്തിന് വിമാനം കയറാന്‍ സമയമാകുമ്പോള്‍ ഉണരും. വായ തുറക്കും. ആര് പിണങ്ങിയാലും ഇല്ലെങ്കിലും ഒരു കാര്യം തുറന്ന് പറയാം, ഇതുപോലൊരു കപട രാഷ്ട്രീയക്കാരനും വിഷപ്രചാരകനായ മകനും കേരള സമൂഹത്തിന് അപമാനമാണ്.
– ബഷീര്‍ വള്ളിക്കുന്ന്