ട്രാന്‍സ്ജെന്‍ഡര്‍ അനന്യയുടെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ലിംഗമാറ്റ ശസ്ത്രക്രിയയിലെ പിഴവാണ് അനന്യയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന പരാതിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം. എറണാകുളത്തെ റീനൈ മെഡിസിറ്റി ആശുപത്രിക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
കേസില്‍ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം എന്നും ഉത്തരവില്‍ പറയുന്നു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. ആശുപത്രി അധികൃതരുടെ കുറ്റകരമായ അനാസ്ഥ മൂലം ശസ്ത്രക്രിയ പരാജയപ്പെട്ടതിനാലാണ് അനന്യ ആത്മഹത്യ ചെയ്തത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി വസ്തുതാ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
കഴിഞ്ഞ ജൂലൈയിലാണ് അനന്യയെ കൊച്ചി ഇടപ്പള്ളിയിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് മുമ്പ് തനിക്ക് ശസ്ത്രക്രിയ നടത്തിയ ആശുപത്രിക്കെതിരെ ഗുരുതര ആരോപണമുന്നയിച്ചിരുന്നു അനന്യ. ശസ്ത്രക്രിയക്ക് പിന്നാലെ അനന്യയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഉണങ്ങാത്ത മുറിവുണ്ടായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.
ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ വീഴ്ച്ചയെ തുടര്‍ന്നാണ് അനന്യ ആത്മഹത്യ ചെയ്തതെന്നായിരുന്നു സുഹൃത്തുക്കള്‍ പരാതിപ്പെട്ടത്. അനന്യയുടെ മരണത്തിന് പിന്നാലെ പങ്കാളി ജിജു ഗിരിജാ രാജും ആത്മഹത്യ ചെയ്തിരുന്നു.