വസ്ത്രധാരണത്തിന്റെ പേരില്‍ തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് നടി ഭാവന. അസഭ്യം പറയുന്നതിലൂടെയാണ് ചിലര്‍ക്ക് സന്തോഷം ലഭിക്കുന്നതെന്നും അവരോട് തനിക്കൊന്നും പറയാനില്ലെന്നും ഭാവന പറഞ്ഞു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു ഭാവനയുടെ പ്രതികരണം.
‘എല്ലാം ശരിയാവും എന്ന് ഓരോ ദിവസവും സ്വയം പറഞ്ഞു ജീവിച്ചു തീര്‍ക്കാന്‍ നോക്കുമ്പോള്‍,എന്റെ പ്രിയപ്പെട്ടവരെ വിഷമിപ്പിക്കരുത് എന്ന് വിചാരിച്ചു സങ്കടങ്ങള്‍ മാറ്റി വയ്ക്കാന്‍ നോക്കുമ്പോളും ഞാന്‍ എന്ത് ചെയ്താലും ആക്ഷേപിക്കാനും ചീത്ത വാക്കുകള്‍ ഉപയോഗിച്ച് എന്നെ വേദനിപ്പിച്ചു വീണ്ടും ഇരുട്ടിലേക്ക് വിടാന്‍ നോക്കുന്ന ഒരുപാട് പേരുണ്ട് എന്ന് എനിക്ക് അറിയാം. അങ്ങനെ ആണ് അവരൊക്കെ സന്തോഷം കണ്ടെത്തുന്നത് എന്നും എനിക്ക് ബോധ്യമുണ്ട്. അങ്ങനെ ആണ് നിങ്ങള്‍ക്ക് സന്തോഷം കിട്ടുന്നത് എങ്കില്‍ അതിലും ഞാന്‍ തടസം നില്‍ക്കില്ല’. ഭാവന പോസ്റ്റില്‍ വ്യക്തമാക്കി.
ഗോള്‍ഡന്‍ വിസ സ്വീകരിക്കാനെത്തിയപ്പോള്‍ ധരിച്ച വസ്ത്രത്തിന്റെ പേരില്‍ ഭാവന ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ശരീരത്തിന്റെ നിറമുള്ള സ്ലിപ്പായിരുന്നു താരം ധരിച്ചിരുന്നത്. ഇതായിരുന്നു വിമര്‍ശനത്തിന് ഇടയാക്കിയത്.