നടന് രാജ്മോഹന്‍ അന്തരിച്ചു. 88 വയസായിരുന്നു. ഞായറാഴ്ച തിരുവനന്തപുരത്തുവച്ചായിരുന്നു അന്ത്യം. ഏറ്റെടുക്കാന്‍ ആളില്ലാതെ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കലാനിലയം കൃഷ്ണന്‍നായരുടെ മരുമകനായിരുന്നു രാജ്മോഹന്‍. ഒ ചന്തു മേനോന്റെ ‘ഇന്ദുലേഖ’ എന്ന നോവല്‍ അടിസ്ഥാനമാക്കി കലാനിലയം കൃഷ്ണന്‍നായര്‍ സംവിധാനം ചെയ്ത സിനിമയില്‍ മാധവന് എന്ന നായകവേഷത്തെ അവതരിപ്പിച്ചത് രാജ്മോഹന്‍ ആയിരുന്നു. പിന്നീട് സിനിമ ഉപേക്ഷിച്ചു. വിവാഹ ബന്ധം ഉപേക്ഷിച്ച ശേഷം ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. പരിചരിക്കാന്‍ ആളില്ലാതെ വന്നതോടെ പുലയനാര്‍കോട്ടയിലുള്ള അനാഥാലയത്തില്‍ എത്തി. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ജൂലൈ നാലിന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
കലാനിലയം തീയറ്റേഴ്സായിരുന്നു ഇന്ദുലേഖ നിര്‍മിച്ചത്. 1967 ഫെബ്രുവരി 10നാണ് ചിത്രം തീയറ്ററുകളിലെത്തിയത്. ശങ്കരാടി, അരവിന്ദാക്ഷ മേനോന്, കൊടുങ്ങല്ലൂര്‍ അമ്മിണിയമ്മ, ശ്രീകല, ചേര്‍ത്തല രാമന് നായര്‍, വൈക്കം മണി എന്നിവരായിരുന്നു മറ്റ് അഭിനേതാക്കള്‍. പിന്നീട് കുറച്ചു സിനിമകളിലും രാജ്മോഹന്‍ മുഖം കാണിച്ചിരുന്നു. എം.എ,എല്‍.എല്‍.ബി ബിരുദധാരിയായിരുന്നു. സിനിമ വിട്ടതിനു ശേഷം ട്യൂഷനെടുത്താണ് ജീവിച്ചിരുന്നത്. സമ്പാദ്യമൊന്നുമുണ്ടായിരുന്നില്ല. മക്കളും ഇല്ലായിരുന്നു.