എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത മഹാവീര്യറിനെ അഭിനന്ദിച്ച് നടനും സംവിധായകനുമായ നാദിര്‍ഷ. മഹാവീര്യര്‍ വളരെയധികം ഇഷ്ടപ്പെട്ടുവെന്നും എബ്രിഡ് ഷൈനോട് വല്ലാത്ത ആദരവ് തോന്നിയെന്നും നാദിര്‍ഷ പറഞ്ഞു. ഈ സിനിമ ഇഷ്ടപ്പെടാന്‍ പ്രത്യേകിച്ച് വലിയ ബുദ്ധിയൊന്നും വേണമെന്നില്ലെന്നും നാദിര്‍ഷ ഫേസ്ബുക്കില്‍ കുറിച്ചു.
സാഹിത്യകാരന് എം. മുകുന്ദന്റെ കഥയെ ആസ്പദമാക്കിയാണ് എബ്രിഡ് ഷൈന്‍ മഹാവീര്യര്‍ ഒരുക്കിയിരിക്കുന്നത്. കഥയ്ക്ക് ചലച്ചിത്ര ഭാഷ്യം നല്‍കിയിരിക്കുന്നത് എബ്രിഡ് ഷൈന്‍ തന്നെയാണ്. പോളി ജൂനിയര്‍ പിക്ചേഴ്സ്, ഇന്ത്യന്‍ മൂവി മേക്കേഴ്സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളിയും പി. എസ് ഷംനാസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നിവിന്‍ പോളി, ആസിഫ് അലി, ലാല്‍, ലാലു അലക്സ്, സിദ്ധിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജന് രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ചിത്രം, നര്‍മ്മ വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കും പ്രാധാന്യം നല്കിയിരിക്കുന്നു. സംസ്ഥാന അവാര്‍ഡ് ജേതാവായ ചന്ദ്രു സെല്‍വരാജാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഇഷാന് ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. ചിത്രസംയോജനം മനോജ് ആണ് നിര്‍വഹിച്ചിരിക്കുന്നത്.
നാദിര്‍ഷയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മഹാവീര്യര്‍ ഇന്നാണ് കണ്ടത്. സിനിമ ഇറങ്ങിയ ഉടനെ കാണണം എന്നു വിചാരിച്ചിരുന്നതാ അപ്പോഴാണ് ഇത് ബുദ്ധിയുള്ളവര്‍ക്കേ കണ്ടാല്‍ മനസ്സിലാകൂ എന്ന് ആരോ ഒക്കെ നിരുപണം എഴുതി കണ്ടത് .അപ്പോള്‍ പിന്നെ ഞാന്‍ കാണണോ എന്നൊരു സംശയം. പിന്നെ രണ്ടും കല്പിച്ച് ഇന്ന് പോയി കണ്ടു. എനിക്ക് ഇഷ്ടമായി. എബ്രിഡ് ഷൈനോട് വല്ലാത്ത ആദരവും തോന്നി. ഇതില്‍ നിന്നും ഒരു കാര്യം മനസ്സിലായി ഈ സിനിമ ഇഷ്ടപ്പെടാന്‍ പ്രത്യേകിച്ച് വലിയ ബുദ്ധിയൊന്നും വേണമെന്നില്ല.